ഹൈദരാബാദ്: പൂർണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വ്യവസായ പാർക്കായ 'എഫ്‌എൽഒ ഇൻഡസ്ട്രിയൽ പാർക്ക്' ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. 25 ഹരിത പദ്ധതികളോട് കൂടി ആരംഭിച്ച പാർക്ക് തെലങ്കാന സർക്കാരുമായി സഹകരിച്ച് എഫ്‌ഐസിസിഐ ലേഡീസ് ഓർഗനൈസേഷനാണ് (FLO) നടത്തുന്നത്.
25 സ്ത്രീകളുടെ ഉടമസ്ഥതയിൽ വൈവിധ്യമാർന്ന 16 ഗ്രീൻ കാറ്റഗറി വ്യവസായ യൂണിറ്റുകളാണ് അന്താരാഷ്ട്ര വനിത ദിനമായ ഇന്നലെ പ്രവർത്തനമാരംഭിച്ചത്. 50 ഏക്കറിലായി 250 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച പാർക്ക്, ചാപ്റ്റർ അംഗങ്ങൾക്കും എഫ്‌എൽഒയുടെ ദേശീയ അംഗങ്ങൾക്കും ദേശീയ തലത്തിൽ തുറന്ന പങ്കാളികളാകാൻ അവസരം നൽകുന്ന ആദ്യത്തെ പ്രധാന പദ്ധതിയാണ്. എഫ്‌എൽഒ ഇൻഡസ്ട്രിയൽ പാർക്കിൽ നിന്നും തങ്ങളുടെ ബിസിനസ് നടത്താൻ താൽപര്യമുള്ള വനിതാ സംരംഭകരെ മുന്നോട്ട് വരാൻ ഇതിനകം സ്ഥാപന അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യവസായ സംരംഭകർ ബൃഹത്തായി ചിന്തിക്കണമെന്നും വളർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് മനസിലാക്കണമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ആഹ്വാനം ചെയ്തു. എഫ്എൽഒ ഇൻഡസ്ട്രിയൽ പാർക്കിന്‍റെ വിപുലീകരണത്തിനായി 100 ഏക്കർ കൂടി വാഗ്‌ദാനം ചെയ്‌ത അദ്ദേഹം, എയ്‌റോസ്‌പേസ്, പ്രതിരോധം, ഭക്ഷ്യ സംസ്‌കരണം, ആഗോള പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണെമന്നും സംരംഭകരോട് ആവശ്യപ്പെട്ടു.
ALSO READ: യുപി തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകള്‍ പറയുന്നതെന്ത്?