ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിലും പത്ത് മടങ്ങ് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്. ആധുനിക ഇന്ത്യ കണ്ട ഏറ്റവും മോശം മനുഷ്യ ദുരന്തമാണിതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ 2020 ജനുവരി മുതലുള്ള കണക്കിൽ യഥാർഥ മരണസംഖ്യയും ഔദ്യോഗിക കണക്കുകളും തമ്മിലുള്ള വ്യത്യാസം 3 ദശലക്ഷം മുതൽ 4.7 ദശലക്ഷം വരെയാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ കൃത്യമായ കണക്കുകൾ അവ്യക്തമാണ്.
- കൊവിഡ് കണക്കുകൾ അവ്യക്തം
ആശുപത്രികളിൽ സംഭവിക്കുന്ന കൊവിഡ് മരണ കണക്കുകൾ അവ്യക്തമാണെന്ന് ഇന്ത്യൻ സർക്കാരിന്‍റെ മുൻ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യനും സെന്‍റർ ഫോർ ഗ്ലോബൽ ഡവലപ്മെന്‍റ്, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ കൊവിഡ് മരണങ്ങളുടെ കണക്കെടുപ്പ് മൂന്ന് മാർഗങ്ങൾ ഉപയോഗിച്ചാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏഴ് സംസ്ഥാനങ്ങളിലായി ജനനമരണങ്ങൾ രേഖപ്പെടുത്തുന്ന സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഡാറ്റ, രാജ്യത്തെ വൈറസ് വ്യാപനത്തെത്തുടർന്നുള്ള രക്ത പരിശോധനകൾ, സാമ്പത്തിക സർവേ എന്നിവയാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ മാർഗങ്ങൾക്കും അതിന്‍റേതായ പോരായ്മകൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
Also read: നുണകളെ സത്യം കൊണ്ട് പ്രതിരോധിക്കു'; ബിജെപി എംപിമാരോട് മോദി
- ഗ്രാമങ്ങളെയും കൊവിഡ് സാരമായി ബാധിക്കുന്നു
ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയും മരണ കണക്കുകൾ കൃത്യമായി ലഭിക്കാന്‍ തടസ്സമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. റിപ്പോർട്ട് ചെയ്യപ്പെടാത്ത ആയിരക്കണക്കിന് കേസുകൾ കണ്ടെത്തിയതിന് ശേഷം ചില സംസ്ഥാനങ്ങളിൽ കൊവിഡ് മരണസംഖ്യ വർധിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് എങ്ങനെ വ്യാപിക്കുന്നുവെന്ന് മനസിലാക്കാന്‍ റിപ്പോർട്ട് സഹായകമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളെയും വൈറസ് വ്യാപനം സാരമായി ബാധിച്ചതായി മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിദ്യാർഥി മുറാദ് ബനാജി അഭിപ്രായപ്പെട്ടു.