ന്യൂഡൽഹി : 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്നും എല്ലാ വമ്പൻ ടീമുകളും ടൂർണമെന്‍റിൽ പങ്കെടുക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് അനുരാഗ് താക്കൂർ മറുപടിയുമായെത്തിയത്.
അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും. ലോകമെമ്പാടുമുള്ള എല്ലാ വമ്പൻ ടീമുകളും അതിൽ പങ്കെടുക്കും. കാരണം ഒരു കായിക ഇനത്തില്‍ നിന്നും ഇന്ത്യയെ അവഗണിക്കാൻ കഴിയില്ല. കായികരംഗത്ത് പ്രത്യേകിച്ച് ക്രിക്കറ്റിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ലോകകപ്പ് അടുത്ത വർഷം തന്നെ ഗംഭീരമായും ചരിത്രപരമായും ഇന്ത്യയിൽ സംഘടിപ്പിക്കും.
പാകിസ്ഥാനിൽ മത്സരിക്കാൻ ഒരുപാട് സുരക്ഷാപ്രശ്‌നങ്ങളുണ്ട്. അതിനാൽ അക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. ഇതിൽ ക്രിക്കറ്റ് മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പാകിസ്ഥാനിൽ പരമ്പര കളിച്ചു. എന്നാൽ ഇന്ത്യയുമായി അവയെ താരതമ്യം ചെയ്യാൻ കഴിയില്ല. നിലവിൽ ആരെയും അനുസരിക്കേണ്ട ആവശ്യം ഇന്ത്യക്കില്ല. ലോകകപ്പിന് എല്ലാ രാജ്യങ്ങളെയും ക്ഷണിക്കും. വരാൻ ആഗ്രഹിക്കുന്നവർക്ക് വരാം - താക്കൂർ വ്യക്‌തമാക്കി.
പാകിസ്ഥാനിലേക്കില്ല : മുംബൈയിൽ നടന്ന ബിസിസിഐയുടെ 91-ാം വാർഷിക പൊതുയോഗത്തിനിടെയാണ് ഏഷ്യ കപ്പ് പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യ കളിക്കില്ലെന്ന കാര്യം സെക്രട്ടറി ജയ് ഷാ വ്യക്‌തമാക്കിയത്. ഏഷ്യ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്‌തമാക്കുകയായിരുന്നു.
ALSO READ: ഏഷ്യ കപ്പ് വേദി മാറ്റിയാല്‍ ഏകദിന ലോകകപ്പിനെത്തില്ല; നിലപാടറിയിച്ച് പാകിസ്ഥാന്‍
പിന്നാലെയാണ് ഏഷ്യ കപ്പ് വേദി മാറ്റിയാൽ പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്‌ടമുണ്ടാവുമെന്നും ഇന്ത്യ കളിക്കാനെത്തിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും പിസിബി വ്യക്തമാക്കിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമ്മര്‍ദം ചെലുത്തുമെന്നും പാകിസ്ഥാൻ വ്യക്‌തമാക്കിയിരുന്നു.
പിന്നാലെ ജയ് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ 12 മാസക്കാലം നല്ല സൗഹൃദം ഇരു ടീമുകളും തമ്മിലുണ്ടായിരുന്നത് ഇരു രാജ്യങ്ങളിലും ഊഷ്‌മളത തോന്നിപ്പിച്ചുവെന്നും ക്രിക്കറ്റ് ഭരണ പരിചയത്തിന്‍റെ അഭാവം ഇന്ത്യയിലുണ്ടെന്ന് തോന്നുന്നതായും അഫ്രീദി ട്വീറ്റ് ചെയ്‌തിരുന്നു.
ALSO READ: 'ക്രിക്കറ്റ് ഭരണ പരിചയത്തിന്‍റെ അഭാവം ഇന്ത്യയിലുണ്ട്'; ജയ് ഷായെ വിമർശിച്ച് ഷാഹിദ് അഫ്രീദി
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിലും വിള്ളല്‍ വീണത്. അതേവര്‍ഷം നടന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാനായാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്. 2012ല്‍ അവസാനമായി ദ്വിരാഷ്‌ട്ര പരമ്പര കളിച്ച ഇരു ടീമുകളും പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടുന്നത്.