ന്യൂഡൽഹി: അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് ഡോക്‌ടർമാരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭുജ് ജില്ലയിൽ പുതുതായി ആരംഭിച്ച കെകെ പട്ടേൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭുജിലെ ആശുപത്രി ജനങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
ഡോക്‌ടർമാരുടെ എണ്ണം വർധിക്കും: രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ 1100 കിടക്കകളുള്ള ഒമ്പത് മെഡിക്കൽ കോളജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് നമുക്ക് 6000 കിടക്കകളുള്ള 36ലധികം മെഡിക്കൽ കോളജുകളുണ്ട്. മികച്ച ആരോഗ്യ സൗകര്യങ്ങളോടൊപ്പം അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ഡോക്‌ടർമാരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ: രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ നിർമിക്കുക, എല്ലാവർക്കും മെഡിക്കൽ വിദ്യാഭ്യാസം പ്രാപ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ആരോഗ്യ സൗകര്യങ്ങൾ എന്നത് രോഗചികിത്സയിൽ മാത്രം പരിമിതപ്പെടുന്നില്ല. അവ സാമൂഹിക നീതിയെയും പ്രോത്സാഹിപ്പിക്കുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വ്യക്തിക്ക് മിതമായ നിരക്കിലും മികച്ച രീതിയിലുമുള്ള ചികിത്സ ലഭ്യമാകുമ്പോൾ, നിയമ വ്യവസ്ഥയിലുള്ള ആ വ്യക്തിയുടെ വിശ്വാസം കൂടുതൽ ശക്തമാകുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.
ALSO READ:പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം പ്രചോദനമാകുന്നു : നരേന്ദ്ര മോദി
ഭുജിലെ ശ്രീ കച്ചി ലേവ പട്ടേൽ സമാജാണ് ആശുപത്രി നിർമിച്ചത്. കച്ചിലെ ആദ്യത്തെ ചാരിറ്റബിൾ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിതെന്നും 200 കിടക്കകളാണിവിടെയുള്ളതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്‍റർവെൻഷണൽ കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നെഫ്രോളജി, യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സർജറി, ജോയിന്‍റ് റീപ്ലേസ്‌മെന്‍റ്, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ആശുപത്രി നൽകുന്നു. കൂടാതെ ഇവിടത്തെ ജനങ്ങൾക്ക് എളുപ്പത്തിലും താങ്ങാനാവുന്ന നിരക്കിലും മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും പിഎംഒ അറിയിച്ചു.