ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടുത്ത നാല് മാസം വളരെ നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത 100 മുതൽ 125 ദിനങ്ങൾ വളരെ നിർണായകമാണെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു.
ഐസിഎംആറിന്‍റെ പഠനങ്ങൾ അനുസരിച്ച് രണ്ടാം തരംഗത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ 95 ശതമാനം മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. കൂടാതെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരിൽ 82 ശതമാനം മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE: India Covid - 19: 24 മണിക്കൂറിൽ 542 മരണം; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്
ജൂലൈ മാസത്തിന് മുമ്പ് രാജ്യത്ത് 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചുകഴിഞ്ഞു. 66 കോടി കൊവിഷീൽഡ്, കൊവാക്‌സിൻ ഡോസുകൾക്കായി കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഇവയിൽ 22 കോടി ഡോസ് സ്വകാര്യ മേഖലയിലേക്ക് അധികമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകരുതെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും പോൾ കൂട്ടിച്ചേർത്തു.