ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 4,624 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സജീവ കേസുകളുടെ എണ്ണം 49,622 ആയി ഉയർന്നു. 29 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,31,064 ആയി. ഡൽഹിയിൽ മാത്രം 1,527 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനവും രേഖപ്പെടുത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയാണ് (4,47,97,269). ആകെ അണുബാധകളുടെ 0.11 ശതമാനമാണ് ഇപ്പോൾ സജീവമായ കേസുകൾ. കൊവിഡ് മുക്തരായവരുടെ എണ്ണം 4,42,16,586 ആയി ഉയർന്നു. ഇതോടെ കൊവിഡ് മുക്തി നിരക്ക് 98.70 ശതമാനമായി രേഖപ്പെടുത്തി.
രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്.
തലസ്ഥാനത്ത് കൂടുതൽ കേസുകൾ : ദേശീയ തലസ്ഥാനമായ ഡൽഹിയിലും പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡൽഹിയിൽ മാത്രം 1527 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിലും രാജസ്ഥാനിലും മൂന്ന് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്‌തു.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. പോസിറ്റീവ് കേസുകൾ വർധിക്കുന്നതിന് പിന്നിൽ പുതിയ കൊവിഡ് വകഭേദമായ XBB.1.16 ആകാനാണ് സാധ്യതയെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. 60 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്‌ധരുടെ നിർദേശം.
എച്ച് 3 എൻ 8 പക്ഷിപ്പനി : രാജ്യം കൊവിഡ് ഭീതിയിൽ നിൽക്കെ എച്ച് 3 എൻ 8 പക്ഷിപ്പനി ബാധിച്ചുള്ള ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. കോഴിയിൽ നിന്നും അണുബാധ ഉണ്ടായ 56കാരിയാണ് മരിച്ചത്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് വൈറസ് വേഗത്തിൽ പടരാത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
സംസ്ഥാനത്തും ജാഗ്രതാനിർദേശം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള വർധനവിനെ തുടർന്ന് ഹോട്ട്‌സ്‌പോട്ട് അടക്കം കണ്ടെത്തി പ്രതിരോധ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് പകർച്ച പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. പനി ബാധിച്ച് വിവിധ ആശുപത്രികളുടെ ഒപിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിന് അടുത്താണ്.
Also read: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്
ഇത് കൂടാതെ ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളും സംസ്ഥാനത്ത് പടരുകയാണ്. അതിനൊപ്പമാണ് കൊവിഡ് കേസുകളും വർധിക്കുന്നത്. എന്നാൽ, ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി മാർഗനിദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ, കിടപ്പ് രോഗികൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം.