ന്യൂയോര്‍ക്ക്: പെഗാസസ് ചാര സോഫ്‌റ്റ്‌വെയര്‍ ഇന്ത്യ ഇസ്രയേലില്‍ നിന്ന് വാങ്ങി എന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനായി ഇസ്രയേലുമായി ഇന്ത്യ 2017ല്‍ ഒപ്പിട്ട 200 കോടി അമേരിക്കന്‍ ഡോളറിന്‍റെ കരാറിലെ ഏറ്റവും പ്രധാനമായ ഘടകങ്ങളായിരുന്നു ഒരു മിസൈല്‍ സിസ്റ്റവും പെഗാസസ് ചാര സോഫ്‌റ്റ്‌വെയറുമെന്നും ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കാള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങള്‍ പെഗസാസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ടാകാം എന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഫോര്‍ബിഡണ്‍ സ്റ്റോറിസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത വസ്തുതാ വിരുദ്ധം എന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്തത്. എന്നാല്‍ ഇസ്രയേലില്‍ നിന്ന് പെഗാസസ് സോഫ്റ്റ്‌വയര്‍ വാങ്ങിയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി പെഗസാസ് ആരോപണം അന്വേഷിക്കാനായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ സമയത്തും കോടതിയുടെ പരിശോധനയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ലോകത്തെ സര്‍ക്കാര്‍ സുരക്ഷ ഏജന്‍സികള്‍ക്ക് പെഗാസസ് സോഫ്റ്റവയര്‍ വില്‍ക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണുകളിലൂടെയും ആന്‍ഡ്രോയിഡ് ഫോണുകളിലൂടെയുമുള്ള വിവര കൈമാറ്റത്തിലെ എന്‍ക്രിപ്ഷന്‍ തകര്‍ക്കാന്‍ പെഗാസസിന് കഴിയും.
2017ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിലാണ് 200 കോടി അമേരിക്കന്‍ ഡോളറിന്‍റെ അത്യാധുനിക ആയുധങ്ങള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങുന്നതിനായി ഇന്ത്യ കാരാറില്‍ ഒപ്പുവെക്കുന്നത്. ഈ കരാറില്‍ മുഖ്യ ഘടകങ്ങളായിരുന്നു പെഗാസസ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രയേലിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു 2017ലെ മോദിയുടെ സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിന് ശേഷമാണ് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണമായും പലസ്തീന്‍ അനുകൂല നിലപാട് എടുക്കുന്ന സമീപനം ഇന്ത്യ മാറ്റിയത്. ഇതില്‍ പ്രധാനമായിരുന്നു ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ ഒരു പ്രമുഖ പലസ്തീന്‍ മനുഷ്യാവകാശ സംഘടനയ്ക്ക് നിരീക്ഷക പദവി നിരസിക്കണമെന്ന ഇസ്രയേലിന്‍റെ ആവശ്യത്തിന് അനുകൂലമായി ഇന്ത്യ വോട്ടുചെയ്തത്.
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും പെഗാസസ് എന്‍എസ്ഒയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പെഗാസസ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് ലോകത്തിലെ പല രാജ്യങ്ങളിലേയും സര്‍ക്കാറുകള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് എന്ന വാര്‍ത്ത 'ഫോര്‍ബിഡണ്‍ സ്റ്റോറീസ്' പുറത്തുവിട്ട അവസരത്തില്‍ തന്നെ പെഗാസസ് സോഫ്‌റ്റ്‌വയര്‍ ഉപയോഗിക്കേണ്ടെന്ന് എഫ്ബിഐ തീരുമാനിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.
യുറോപ്പിലെ പല രാജ്യങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ പെഗാസസ് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് തീവ്രവാദി ആക്രമണങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയവ തടഞ്ഞിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതെസമയം സൗദിഅറേബ്യ, മെക്സികോ, പനാമ തുടങ്ങിയ രാജ്യങ്ങള്‍ അവിടങ്ങളിലെ സര്‍ക്കാരുകളെ വിമര്‍ശിക്കുന്നവര്‍ക്കെതിരായും പെഗാസസ് ഉപയോഗിച്ചിട്ടുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ വിമര്‍ശകന്‍ ജമാല്‍ ഖഷോഗിക്കെതിരായ പെഗാസാസ് ഉപയോഗം അത്തരത്തിലുള്ള ഒന്നാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
പനാമയും മെക്സികോയും പെഗാസസ് സോഫ്റ്റ്‌വയര്‍ ലഭിച്ചതിന് ശേഷം ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ:യുപിയെ ഇളക്കിമറിക്കാൻ ബിജെപി; വീടുകൾ തോറും കയറിയിറങ്ങി അമിത് ഷാ