ചെന്നൈ: കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത് ശ്രീലങ്കന്‍ അധോലോക നായകന്‍ അംഗോഡ ലോക്കയെന്ന് സ്ഥിരീകരണം. 2018 മുതല്‍ ലോക്കയും പങ്കാളി അമ്മനി തന്‍ജയും കോയമ്പത്തൂരിലെ ചേരന്‍ മാ നഗറില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യാജപേരിലാണ് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
2020 ജൂലൈയിലാണ് ഹൃദയ സ്‌തംഭനത്തെ തുടര്‍ന്ന് അംഗോഡ ലോക്ക മരണപ്പെടുന്നത്. കോയമ്പത്തൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മധുരയില്‍ വച്ച് മൃതദേഹം സംസ്‌കരിച്ചു.
ലോക്കയുടെ അനുയായി സനുക തനനായക, ഇന്ത്യയില്‍ അഭയം നല്‍കിയ ഗോപാലകൃഷ്‌ണന്‍ എന്നിവരെ സിബി സിഐഡി ഡെപ്യൂട്ടി സൂപ്രണ്ട് പി ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വച്ച് പിടികൂടിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇരുവരേയും സിബി സിഐഡി അഞ്ച് ദിവസത്തെ കസ്‌റ്റഡിയില്‍ വാങ്ങി.
സിബി സിഐഡി അമ്മനി തന്‍ജയേയും ലോക്കയുടെ അഭിഭാഷക ശിവകാമസുന്ദരി, ദിനേശ്വരന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. നവംബര്‍ 20ന് കോയമ്പത്തൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കും.
Also read: നടൻ വിജയ്‌യുടെ വീട്ടിൽ വ്യാജ ബോംബ് ഭീഷണി; 27കാരൻ അറസ്റ്റിൽ