ഹൈദരാബാദ് : കൗമാരക്കാരിയെ ആഡംബര കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌തതായി പൊലീസ്. പിടിയിലായവരില്‍ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി.
പ്രതിയായ ഉമർ ഖാനെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിയിലായവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തെന്നും ഡിസിപി ജോയൽ ഡേവിസ് പറഞ്ഞു. പെൺകുട്ടിയെ കാറിൽ കയറ്റി പീഡിപ്പിച്ച ശേഷം പ്രതികൾ കാറിൽ മൊയ്‌നാബാദിൽ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ ഫാം ഹൗസിലേക്ക് പോയി. ഇവിടെ നിന്നാണ് പ്രതികൾ മറ്റ് സ്ഥലങ്ങളിലേക്ക് കടന്നത്.
ഫാംഹൗസിൽ വച്ച്, സർക്കാരിന്‍റെ വാഹനമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാറിൽ പതിച്ചിരുന്ന സ്റ്റിക്കർ നീക്കം ചെയ്‌തതായാണ് വിവരം. കാറിന്‍റെ ഉടമയെയും കാറിൽ പതിച്ചിരുന്ന സ്റ്റിക്കറിനെയും കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂട്ടബലാത്സംഗ കേസിൽ രണ്ടുദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദേശം നൽകി.