കൊല്‍ക്കത്ത: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹുക്ക ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി ഉടന്‍ തന്നെ അടയ്‌ക്കുമെന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. എല്ലാ ഹുക്ക ബാറുകളും അടിയന്തരമായി അടച്ചിടണമെന്നും ഇവയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ഫിര്‍ഹദ് ഹക്കീം പൊലീസിന് സമര്‍പ്പിച്ച പരാതിയിന്‍മേലാണ് നടപടി. ഹുക്ക ബാറുകളില്‍ നിന്നുള്ള പ്രത്യേക തരം വാതകം ആരോഗ്യത്തിന് ഹാനികരമാണെന്നും സമൂഹത്തിലെ യുവാക്കളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്ന കാരണത്താലാണ് ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും മേയര്‍ ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലൈസന്‍സോടെയോ അല്ലെങ്കില്‍ നിയമവിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും നിരീക്ഷണത്തിലാണ്. ലൈസന്‍സോടെ ഹുക്ക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 30 മുതല്‍ 32 വരെയുള്ള ഹോട്ടലുകളും റെസ്‌റ്റോറന്‍റുകളുമാണുള്ളത്. ഇതിന് പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി ബാറുകളാണ് ഉയര്‍ന്നുവന്നതെന്നും മേയര്‍ പറഞ്ഞു.
അതേസമയം, ഹുക്ക ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ആവശ്യമല്ലെന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറഞ്ഞു. പുതിയതായി ആരംഭിക്കുന്ന റെസ്‌റ്റോറന്‍റുകളില്‍ ഹുക്ക അല്ലെങ്കില്‍ പുകയില ഉപയോഗിക്കാനുള്ള സൗകര്യമുണ്ടോ ഇല്ലയോ എന്ന് തിരഞ്ഞെടുക്കുവാനുള്ള കളത്തില്‍ ശരി അടയാളം രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇന്ന് മുതല്‍ അപേക്ഷ ഫോമില്‍ ഇത്തരം വ്യവസ്ഥകള്‍ ഉണ്ടായിരിക്കില്ല എന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
പുകവലി വിനോദകരമാക്കുവാനാണ് ഇത്തരം സംവിധാനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, നിരവധി മേഖലകളില്‍ നിന്നാണ് പരാതി ഉയര്‍ന്നുവരുന്നതെന്ന് മേയര്‍ പറഞ്ഞു.