ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. കേന്ദ്രം വീണ്ടും നമ്മെ പരാജയപ്പെടുത്തിയെന്നാണ് പ്രിയങ്ക പറഞ്ഞത്. നമ്മൾ വിജയിക്കും എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യം വായുവിനായി നെട്ടോട്ടമോടുകയാണെന്നും ചിലർ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക പോസ്റ്റിൽ വ്യക്തമാക്കുന്നു. സർക്കാരിനെ എതിർക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് പോലും ഇത്തരത്തിലുള്ള ഒരു ഭരണത്തെയും നേതൃത്വത്തെയും പൂർണമായി ഒഴിവാക്കുന്ന രീതി മുൻകൂട്ടി കാണാനായില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഇനിയെങ്കിലും സർക്കാർ സ്വന്തം ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.
ജനങ്ങളോട് ധൈര്യം കൈവിടരുതെന്നും എല്ലാ പരിധികൾക്കപ്പുറത്തേക്കും ശ്രമിക്കേണ്ട കാലമാണിതെന്നും പ്രിയങ്ക പോസ്റ്റിൽ പറയുന്നുണ്ട്. കൊവിഡ് വൈറസിന് ജാതിയോ മതമോ ഇല്ലെന്നും നാമെല്ലാം ഒന്നിച്ച് നിന്ന് പോരാടേണ്ട സമയമാണ് നിലവിലുള്ളതെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തുടനീളമുള്ള ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ കടുത്ത സമ്മർദത്തിലും നിർത്താതെ ജോലി ചെയ്യുന്നുണ്ടെന്നും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുകയാണന്നും ബിസിനസ് സമൂഹം ഓക്‌സിജനും മറ്റ് സാധനങ്ങളും ലഭ്യമാക്കുന്നതിന് ആശുപത്രികളെ സഹായിക്കുന്നതിന് വിഭവങ്ങൾ വഴിതിരിച്ചുവിടുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വേദന അനുഭവിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും നഗരത്തിലും സംഘടനകളും വ്യക്തികളും ഉണ്ടെന്നും അവർ അവരാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രയങ്ക കൂട്ടിച്ചേർത്തു.