ബംഗളൂരു: സംസ്ഥാനത്തെ പുതിയ ബിപിഎൽ കാർഡ് അപേക്ഷകർക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ വാഗ്‌ദാനം ചെയ്‌ത് കർണാടക സർക്കാർ. ഇതിന്‍റെ ഭാഗമായി മെയ്, ജൂൺ മാസങ്ങളിൽ ബിപിഎൽ അപേക്ഷകർക്ക് 10 കിലോ അരി സൗജന്യമായും എപിഎൽ കാർഡ് അപേക്ഷകർക്ക് കിലോയ്ക്ക് 15 രൂപ നിരക്കിലും അരി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കർണാടക ഭക്ഷ്യ വകുപ്പ് മന്ത്രി ഉമേഷ് ഖാട്ടി അറിയിച്ചു. കൂടാതെ നേരത്തേയുള്ള ബിപിഎൽ കാർഡ് ഉടമകൾക്ക് പ്രതിമാസം 10 കിലോ അരി വിതരണം ചെയ്യുന്നതും സർക്കാർ ആലോചനയിലാണെന്ന് അദ്ദേഹം അറിയിച്ചു. സൗജന്യ റേഷൻ മെയ്, ജൂൺ മാസങ്ങളിൽ നൽകാനാണ് ആലോചന.
Also Read: കർണാടക മന്ത്രിമാരുടെ ഒരു വർഷത്തെ ശമ്പളം കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്‌ക്കും
പ്രധാനമന്ത്രിയുടെ ഗരിബ് ക്ഷേമപദ്ധതി പ്രകാരം ബിപിഎൽ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് പ്രതിമാസം ലഭിക്കുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങളോടൊപ്പം അഞ്ച് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ഉൾപ്പെടുത്തി വിതരണം ചെയ്യും. കൂടാതെ ഓരോ അന്ത്യോദയ കാർഡ് ഉടമയ്ക്കും 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളും അഞ്ച് കിലോ അരിയും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതായി മന്ത്രി അറിയിച്ചു.
Also Read: കൊവിഡ് വ്യാപനം; ഐ.ഐ.എസ്.സി നിർദേശം തേടി കർണാടക
കൊവിഡ് രണ്ടാം തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളിൽ റേഷൻ വിതരണം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ബയോമെട്രിക് അല്ലെങ്കിൽ ആധാർ ഒടിപി, ഇളവ് സൗകര്യം, നിലവിലുള്ള റേഷൻ കാർഡുകൾക്ക് പോർട്ടബിലിറ്റി എന്നിവ ഉപയോഗിച്ച് റേഷൻ കടകൾക്ക് വിതരണം ചെയ്യാൻ കഴിയും. അതേസമയം കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ അത്യാവശ്യമെങ്കിൽ ഡിസിയുടെ അംഗീകാരത്തോടെ മാനുവൽ അടിസ്ഥാനത്തിൽ റേഷൻ നൽകാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി നിർദേശിച്ചു.