റായ്‌പൂര്‍: കർഷക പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നും താത്‌ക്കാലികമായി നിര്‍ത്തിവക്കുകയാണുണ്ടായതെന്നും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. കാര്‍ഷിക നിയമം പിന്‍വലിച്ചതിന് പിന്നാലെ കർഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചിരുന്നു. തുടര്‍ന്ന്, സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് വ്യാഴാഴ്ച ഔപചാരിക കത്ത് ലഭിയ്‌ക്കുകയുണ്ടായി.
ഇതിന്‍റെ ഭാഗമായി പ്രതിഷേധം അവസാനിപ്പിച്ച് സിംഗു അതിർത്തിയില്‍ നിന്നും ശനിയാഴ്ച കർഷകർ വീടുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ''കർഷകർ തങ്ങളുടെ സമരം പൂര്‍ണമായും പിൻവലിച്ചിട്ടില്ല. മറിച്ച് താത്‌ക്കാലികമായി നിർത്തിവയ്ക്കുകയാണുണ്ടായത്. കർഷകർ സർക്കാരിന്‍റെ നിർദേശങ്ങൾ പരിശോധിക്കും. ഇതിന്‍റെ ഭാഗമായിരിക്കും തുടര്‍നടപടി." ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി.
ALSO READ: കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു ; തിരച്ചില്‍ തുടരുന്നു
കൊവിഡ് ഒമിക്രോൺ വകഭേദത്തിനെതിരായി സംസ്ഥാനം നടത്തുന്ന തയ്യാറെടുപ്പിനെക്കുറിച്ചും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം ഒമിക്രോണിനെതിരെ പോരാടാന്‍ പൂർണമായും തയ്യാറാണ്. അത് ഛത്തീസ്‌ഗഡില്‍ വരാതിരിക്കാൻ തങ്ങൾ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.