ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും തൊഴിലാളികളെയുമാണ് ഭീരകരർ ലക്ഷ്യമിടുന്നത്. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും ഭീകരാക്രമണങ്ങളിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. അഫ്‌ഗാനിസ്ഥാൻ പ്രധാനമന്ത്രി അഷ്‌റഫ് ഖാനിയുമായി നടന്ന ഉച്ചകോടിയിലാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. അഫ്‌ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളിൽ ആശങ്കയുണ്ട്. ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഷ്‌റഫ് ഖാനിയോട് പറഞ്ഞു.
അഫ്‌ഗാനിസ്ഥാന്‍റെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കുന്നു. അഫ്‌ഗാനിസ്ഥാന് ഏത് ആപത്തുകളെയും തടയാൻ സാധിക്കും. അത് ഇന്ത്യയുടെ വിജയം കൂടിയാണ്. 5,00,000 ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതിനും ഷാഹൂത് അണക്കെട്ട് കരാർ ഒപ്പിട്ടതിലും ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും അഷ്‌റഫ് ഖാനി നന്ദി പറഞ്ഞു. കാബൂളിലെ രണ്ട് ദശലക്ഷത്തോളം പേർക്ക് ഷാഹൂത് ഡാമിലൂടെ കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയാണിത്. അഫ്‌ഗാനിസ്ഥാനിലെ കാബൂൾ നദീതടത്തിലാണ് ഷാഹൂത് ഡാം നിർമിക്കുക. അഫ്‌ഗാനിസ്ഥാനുമായി ചേർന്ന് 150 ഓളം പദ്ധതികൾ നടത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.