ന്യൂഡൽഹി : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് (Chhattisgarh CM Bhupesh Baghel) നേരെ ഗുരുതര ആരോപണവുമായി ഇഡി. മഹാദേവ് വാതുവയ്‌പ്പ് ആപ്പിന്‍റെ (Mahadev betting App) പ്രൊമോട്ടർമാർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) വെളിപ്പെടുത്തിയത്. സംസ്ഥാനത്തു നിന്ന് 5.39 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ ഇഡി അറസ്‌റ്റ് ചെയ്‌ത അസിം ദാസ് എന്നയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പേര് ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ നിന്നും മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട പ്രതികളിലൊരാളായ ശുഭം സോണിയ്‌ക്ക് അയച്ച ഇ മെയിലുകൾ പരിശോധിച്ചതായും ഇതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും ഇഡി പ്രസ്‌താവനയിലൂടെ അറിയിച്ചു. നിരവധി തവണകളായി 508 കോടി രൂപ മഹാദേവ് ആപ്പിന്‍റെ ഉടമസ്ഥർ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയിട്ടുണ്ടെന്ന് ഇമെയിലിന്‍റെ അടിസ്ഥാനത്തിൽ ഇഡി അറിയിച്ചു. ഇത് അന്വേഷിക്കേണ്ട വിഷയമാണെന്നും ഇഡി കൂട്ടിച്ചേർത്തു.
നവംബർ 7, 17 തിയതികളിലാണ് ഛത്തീസ്‌ഗഢ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ കോലാഹലങ്ങൾ സൃഷ്‌ടിക്കാൻ സാധ്യതയുള്ള വെളിപ്പെടുത്തലാണ് ഇഡിയുടേത്.