ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യത്തിൽ പുരോഗതി തുടരുന്നത് കണക്കിലെടുത്ത്, തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ വിജയാഘോഷ റാലികൾക്കുള്ള വിലക്ക് തെരഞ്ഞടുപ്പ് കമ്മിഷൻ വ്യാഴാഴ്‌ച നീക്കി.
അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടെണ്ണൽ സമയത്തും ഫലപ്രഖ്യാപന വേളയിലുമുള്ള ആഘോഷറാലികൾക്ക് 2021 മെയ് മാസത്തിൽ കമ്മിഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ഈ വർഷം തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ നിയന്ത്രണം തുടരുകയും ചെയ്തു.
ഈ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിച്ച് കമ്മിഷൻ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ നിലവിലുള്ള നിർദേശങ്ങൾക്കും ബന്ധപ്പെട്ട ജില്ലാ അധികാരികൾ ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികൾക്കും വിധേയമായിരിക്കും ഇളവെന്ന് കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ALSO READ: ഗോവയില്‍ കരുത്ത് തെളിയിച്ച് ബി.ജെ.പി; പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍