കൊൽക്കത്ത: സിആർപിഎഫിന്‍റെ വെടിയേറ്റ് നാല് തൃണമൂൽ പ്രവർത്തകർ മരിച്ചതിനെ തുടര്‍ന്ന് കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിലെ 126ആം നമ്പർ ബൂത്തില്‍ പോളിങ് നിര്‍ത്തിവച്ചു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പിനിടെയാണ് വെടിവെപ്പുണ്ടായത്. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍റെ നടപടി. സംഭവത്തിൽ ഇന്ന് 5 മണിക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ പ്രത്യേക നിരീക്ഷണ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
Read More: സമാധാനത്തിന് വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് അമിത് ഷാ
അമിത് ഷായുടെ നിർദേശാനുസരണമുള്ള ഗൂഢാലോചനയാണ് വെടിവെപ്പിന് പിന്നിലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. 'വോട്ട് ചെയ്യാൻ വരിനിന്നവർക്ക് നേരെയാണ് സിആർപിഎഫ് വെടിവെച്ചത്. എവിടെ നിന്നാണ് അവർക്ക് ഇത്രയും ധൈര്യം ലഭിച്ചത്. തെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. അതിനാല്‍ വോട്ട് ചെയ്യാനെത്തുന്നവരെയും പ്രവർത്തകരെയും കൊല്ലുകയാണ്'- മമത ബാനർജി ആരോപിച്ചു. മരിച്ച പ്രവർത്തകരുടെ വീടുകൾ മമത ഇന്ന് സന്ദർശിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Read More: അമിത് ഷാ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നു: മമത ബാനർജി
എന്നാൽ സേനയുടെ വെടിയേറ്റ് നാലുപേർ മരിച്ചെന്ന ആരോപണം സിആർപിഎഫ് നിഷേധിച്ചു. വെടിവെപ്പ് നടന്നുവെന്ന് പറയുന്ന പോളിങ് ബൂത്തിൽ സേനയെ വിന്യസിച്ചിരുന്നില്ലെന്നാണ് സിആർപിഎഫിന്‍റെ വിശദീകരണം. 44 നിയോജക മണ്ഡലങ്ങളിലേക്ക് ആണ് ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എട്ട് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ 29ന് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.