മുംബൈ: നാല് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ ഡോക്‌ടറെയും മൂന്ന് സ്‌ത്രീകളെയും പൊലീസ് പിടികൂടി. തലോജ സ്വദേശികളാണ് മൂന്ന് സ്‌ത്രീകളും. കുഞ്ഞിനെ വിൽക്കാന്‍ ശ്രമിച്ച ഡോക്‌ടറെയും കാമോത്തെ പൊലീസ് പിടികൂടി.
അറസ്‌റ്റിലായ പങ്കജ് പാട്ടീൽ എന്ന ഡോക്‌ടർക്ക് കാമോത്തയിൽ സ്വന്തമായി ക്ലിനിക്കുണ്ട്. നാല് ലക്ഷം രൂപയ്ക്കാണ് പങ്കജ് പാട്ടീൽ കുഞ്ഞിനെ വിറ്റത്. ഇയാള്‍ ഇപ്പോൾ കാമോത്തെ പൊലീസിന്‍റെ കസ്‌റ്റഡിയിലാണ്.
ALSO READ: കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
കാമോത്തെ സെക്‌ടർ എട്ടിൽ ഫാമിലി ഹെൽത്ത് കെയർ എന്ന പേരിൽ ക്ലിനിക്ക് നടത്തുന്ന ഡോക്‌ടർ നാല് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കുന്നുവെന്ന് കാമോത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ലഭിച്ച വിവരം അനുസരിച്ച് ഡോക്‌ടറെ പിടികൂടാൻ പൊലീസ് കെണിയൊരുക്കി. സ്വകാര്യ ജഡ്‌ജിയായ നായിക് മന്ഥൻ പാട്ടീൽ കുഞ്ഞിനെ വാങ്ങാൻ ഡോ.പങ്കജ് പാട്ടീലിന്‍റെ ആശുപത്രിയിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
അന്ന് ഡോ.പാട്ടീൽ പറഞ്ഞ നാലുലക്ഷം രൂപയും കൂടെ കൊണ്ടുപോയി. പണം കാണിച്ച് കുഞ്ഞിനെ ചോദിച്ചു. ആ സമയം ഡോക്‌ടർ തുക കണ്ട് കുഞ്ഞിനെ വിൽക്കുന്ന സ്‌ത്രീയെ വിളിച്ച് ക്ലിനിക്കിൽ വരാൻ പറഞ്ഞു.
ALSO READ: ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷ മേഖലയായി തുടരും
തലോജയിൽ നിന്നുള്ള മൂന്ന് സ്‌ത്രീകൾ പെൺകുഞ്ഞുമായി ക്ലിനിക്കിൽ എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സമ്മതിച്ച ഇടപാട് പ്രകാരം ഡോ.പങ്കജ് പാട്ടീൽ പണം വാങ്ങി കുഞ്ഞിനെ കൈമാറി. ക്ലിനിക്കിന് പുറത്ത് കെണിയൊരുക്കി കാത്തുനിന്ന അസിസ്‌റ്റന്‍റ് ഇൻസ്പെക്‌ടർ മഹലയുടെ സംഘമാണ് സ്‌ത്രീകളെയും ഡോക്‌ടറെയും അറസ്‌റ്റ് ചെയ്‌തത്.