കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം. ഡയമണ്ട് ഹാര്‍ബറിലെ ബിജെപി സ്ഥാനാര്‍ഥിയായ ദീപക് ഹല്‍ദാറാണ് പ്രചാരണത്തിനിടെ ആക്രമണം നേരിടേണ്ടി വന്നത്. ടിഎംസി പിന്തുണയുള്ള അക്രമികളും ചില സ്‌ത്രീകളുമാണ് ആക്രമിച്ചതെന്ന് ദീപക് ഹാല്‍ദാര്‍ പറഞ്ഞു. ഇന്ന് രാവിലെ ഹരിദേബ്‌പൂരില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. സ്ഥാനാര്‍ഥിയോടൊപ്പം നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും ഡയമണ്ട് ഹാര്‍ബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
പൊലീസ് സ്ഥലത്തെത്തി പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. മോട്ടോര്‍ സൈക്കിളിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞ് പ്രകടനം നടത്തി. അക്രമികളെ പിടികൂടുന്നതുവരെ റോഡ് തടഞ്ഞ് പ്രതിഷേധം നടത്തുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.