മുംബൈ: ഭക്ഷണത്തിൽ ഉപ്പില്ലെന്ന കാരണത്തില്‍ പൂനെ ജില്ലയിലെ ചക്കനിൽ പാചക തൊഴിലാളിയെ ഹോട്ടലുടമകൾ കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരന്മാരായ കൈലാസ് അന്ന കേന്ദ്ര, ഓംകാർ അന്ന കേന്ദ്ര എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രസൻജീത് ഗോറായി എന്ന പാചകക്കാരനാണ് കൊല്ലപ്പെട്ടത്.
ചക്കൻ - ശിക്രപൂർ റോഡിലെ ഓംകാർ ഹോട്ടലിലാണ് ഈ ദാരുണ സംഭവം നടന്നത്. ഒരു മാസം മുൻപാണ് ഭക്ഷണത്തിൽ ഉപ്പില്ലെന്ന് ആരോപിച്ച് പ്രസൻജീതിനെ ഇരുവരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളിയത്. സ്വാഭാവിക മരണമായാണ് പൊലീസ് അന്ന് കേസ് രജിസ്‌റ്റർ ചെയ്‌തത്.
പിന്നീട് സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇതേതുടർന്ന് സബ് ഇൻസ്‌പെക്‌ടർ ഗിരീഷ് ചാംലെയും മറ്റ് പൊലീസുകാരും വേഷം മാറി ഹോട്ടലിലെത്തി. കടയുടമകളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ഇവരുടെയും ഫോട്ടോ എടുക്കുകയും കൊലപാതക വിവരം അറിയിച്ചയാളെ കാണിക്കുകയുമായിരുന്നു. പ്രതികൾ ഇവർ തന്നെയാണെന്ന് ബോധ്യപ്പെട്ട ശേഷം ക്രൈംബ്രാഞ്ച് യൂണിറ്റ് ഇരുവരേയും കസ്‌റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.