ന്യൂഡൽഹി: ഡൽഹി ചാലോ മാർച്ചിനെ തുടർന്ന് നിർത്തിവച്ച മെട്രോ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കേന്ദ്രത്തിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തെ തുടര്‍ന്നാണ് മെട്രോ സർവീസുകൾ നിർത്തിവച്ചത്. നാളെ വൈകുന്നേരം 5.35 മുതൽ എല്ലാ ലൈനുകളിലെയും മെട്രോ സേവനങ്ങൾ സാധാരണ നിലയിലാകുമെന്ന് ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) ട്വീറ്റ് ചെയ്‌തു. സുരക്ഷാ കാരണങ്ങളാൽ ഗ്രീൻ ലൈനിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എക്‌സിറ്റ്, എൻട്രി ഗേറ്റുകള്‍ അടച്ചിടുകയായിരുന്നു.
ഗ്രീൻ ലൈനിലെ ബ്രിഗേഡിയർ ഹോഷിയാർ സിംഗ്, ബഹാദുർഗ സിറ്റി, പണ്ഡിറ്റ് ശ്രീ രാം ശർമ, തിക്രി ബോർഡർ, തിക്രി കലൻ, ഗെവ്ര സ്റ്റേഷനുകൾ എന്നിവയുടെ പ്രവേശന കവാടങ്ങളാണ് അടച്ചത്. സർവിസുകൾ വെള്ളിയാഴ്‌ച നിർത്തിവക്കുമെന്ന് ഡൽഹി മെട്രോ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഡൽഹി പൊലീസിൻ്റെ നിർദേശപ്രകാരം എൻ.സി.ആർ സ്റ്റേഷനുകളിൽ നിന്ന് ഡൽഹിയിലേക്കുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലഭ്യമാകില്ലെന്ന് ഡി.എം.ആർ.സി അറിയിച്ചു. എന്നാൽ ഡൽഹിയിൽ നിന്ന് എൻ.സി.ആർ ഭാഗങ്ങളിലേക്ക് സർവിസ് ഉണ്ടായിരിക്കും.
അതേസമയം പ്രതിഷേധ മാർച്ചിൽ അതിർത്തികളിൽ സംഘർഷം രൂക്ഷമാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡൽഹിയെ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന അതിർത്തിയിൽ കര്‍ഷകര്‍ക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തിയിലും പൊലീസ് സുരക്ഷ ശക്തമാക്കി.