ന്യൂഡൽഹി : പാർലമെന്‍റ് സുരക്ഷാവീഴ്‌ച കേസിൽ അറസ്റ്റിലായ ലളിത് ഝായെ ഡൽഹി കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു (Parliament security breach case). സംഭവത്തിന്‍റെ സൂത്രധാരനാണെന്നും മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെ പ്രത്യേക കോടതി ജഡ്‌ജി ഹർദീപ് കൗർ, ഝായെ ഡൽഹി പൊലീസിന് കസ്റ്റഡിയിൽ നല്‍കുകയായിരുന്നു. 15 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് സിറ്റി പൊലീസ് നൽകിയ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ് (Lalit Jha in 7day police custody).
ബിഹാർ സ്വദേശി ലളിത് ഝാ കേസിലെ ആറാം പ്രതിയാണ്. ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13 ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ലളിതിനെ ഡല്‍ഹിയില്‍ നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി ലളിത് ഝാ കീഴടങ്ങുകയായിരുന്നു.
പാര്‍ലമെന്‍റിനുപുറത്ത് അമോല്‍ ഷിന്‍ഡെയും, നീലം ദേവിയും കളര്‍ സ്‌പ്രേ പ്രയോഗിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ലളിത് ഝാ ആണ്. ദൃശ്യങ്ങള്‍ ഒരു എന്‍ജിഒ നേതാവിന് അയച്ചുകൊടുത്ത് ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് നിര്‍ദേശിച്ചുവെന്നാണ് വിവരം.
കൊല്‍ക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായ ലളിത്, രാജ്യത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്രമത്തിനുമുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആറുപേരും പാര്‍ലമെന്‍റിന് ഉള്ളില്‍ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ടുപേര്‍ക്ക് മാത്രമാണ് പാസ് ലഭിച്ചത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റിലെ എട്ട് സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തു. കൊല്‍ക്കത്തയിലെ ലാല്‍ ബസാറില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ആളാണ് കീഴടങ്ങിയ ഝാ.
ALSO READ: പാര്‍ലമെന്‍റ് സുരക്ഷ വീഴ്‌ച: മുഖ്യസൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി
സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവരാണ് പാര്‍ലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ചയില്‍ പിടിയിലായ മറ്റ് പ്രതികള്‍. ലോക്‌സഭയ്ക്കുള്ളില്‍ ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് സാഗര്‍ ശര്‍മ്മയ്ക്കും മനോരഞ്ജനും എതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ലമെന്‍റിന് പുറത്ത് ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നതാണ് അമോല്‍ ഷിന്‍ഡെയ്ക്കും നീലം ദേവിക്കും എതിരെയുള്ള കുറ്റം. ഭീകരാക്രമണം - യുഎപിഎ പതിനാറാം വകുപ്പ്, ഗൂഢാലോചന - യുഎപിഎ പതിനെട്ടാം വകുപ്പ് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.