ബിഹാര്‍ : 2022ല്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ പ്രതിമ സ്ഥാപിച്ചതിന് പിതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ബിജെപി നേതൃത്വം. സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി. സൈനികന്‍റെ പ്രതിമ സ്ഥാപിച്ചതിന് പൊലീസുകാര്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേന്ദ്ര പ്രതിരോധമന്ത്രി ഖേദം പ്രകടിപ്പിച്ചു.
സഭയില്‍ പ്രതിപക്ഷ പ്രതിഷേധം : ബജറ്റ് സമ്മേളനത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ വിഷയമുയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിജയ് കുമാറിന്‍റെ നേതൃത്വത്തില്‍ നിയമസഭാംഗങ്ങള്‍ റിപ്പോര്‍ട്ടിങ് ടേബിള്‍ തകര്‍ത്തു. സ്‌പീക്കര്‍ അവധേഷ് നാരായണ്‍ സിങ്, ബിജെപി എംഎല്‍എമാരെ താക്കീത് ചെയ്യുകയും പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്ന് ബാനറുകളും പോസ്‌റ്ററുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
മുന്‍ മന്ത്രി നീരജ് കുമാര്‍ ബബ്ലു, ലാല്‍ ഗഞ്ജ്, സഞ്ജയ് സിങ് തുടങ്ങിയ എംഎല്‍എമാരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഗാല്‍വാന്‍ താഴ്‌വരയില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്‌ത ജവാന്‍റെ പിതാവിനെ നിതീഷ് സര്‍ക്കാര്‍ ഒറ്റപ്പെടുത്തിയെന്ന് സഞ്ജയ് സിങ് സഭയില്‍ ആരോപിച്ചു. ബിജെപി അംഗങ്ങളുടെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സംഭവത്തില്‍ പ്രതികരണമറിയിച്ചു.
ഉപമുഖ്യമന്ത്രിയുടെ പ്രതികരണം : കിഷോര്‍ സിങ് എന്ന ജവാന്‍റെ പിതാവ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ഉപമുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞു. ജവാന്‍റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. ആ സമയത്ത് പോലും തന്‍റെ മകന്‍റെ പേരില്‍ മറ്റൊരു വ്യക്തിയുടെ ഭൂമിയില്‍ ഒരു സ്‌മാരകം തീര്‍ക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ആരോപിച്ചു.
'പ്രതിപക്ഷ നേതാവ് വിജയ്‌കുമാര്‍ ചൗധരി സഭയില്‍ സ്‌പീക്കറായിരുന്നപ്പോഴായിരുന്നു സംഭവം. അദ്ദേഹവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും കിഷോര്‍ സിങ്ങിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നോ എന്ന് എനിക്ക് അറിയില്ല'-തേജസ്വി യാദവ് പറഞ്ഞു.
പൊലീസിന്‍റെ നിര്‍ദേശത്തിന് വഴങ്ങാതെ പിതാവ് : കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു. മകന്‍റെ പ്രതിമ സ്ഥാപിച്ച പിതാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച് അറസ്‌റ്റ് ചെയ്‌തത്. വൈശാലിയിലെ ജന്‍ദാഹയിലാണ് കിഷോര്‍ സിങ്ങിന്‍റെ പിതാവ് മകന്‍റെ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഭൂമിയാണിതെന്നും ഉടന്‍ തന്നെ പ്രതിമ നീക്കം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.
പ്രതിമ നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പിതാവിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ശേഷവും പ്രതിമ നീക്കം ചെയ്യാന്‍ തയ്യാറാകാതിരുന്നപ്പോഴായിരുന്നു അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് പ്രകോപിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.