ന്യൂഡൽഹി : മണിപ്പൂരില്‍ വീണ്ടും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം തിരിച്ചെത്തിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെടുമ്പോൾ മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങൾ അതിൽ നിന്നും വ്യത്യസ്‌തമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആരോപിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിലാണ് ജയ്‌റാം രമേശിന്‍റെ വിമർശനം.
also read :മണിപ്പൂരില്‍ വെടിവെയ്പ്പ്, 13 പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് സുരക്ഷ സേന
മണിപ്പൂരിലെ സ്ഥിതി സാധാരണ നിലയിൽ നിന്ന് വളരെ ദൂരെയായിട്ട് "ഇപ്പോൾ 7 മാസമായി " ഇത്ര മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിയിട്ടില്ലെന്നും ജയ്‌റാം രമേശ് ആരോപിച്ചു. മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ വിദൂര ഗ്രാമത്തിൽ തിങ്കളാഴ്‌ചയുണ്ടായ വെടിവെപ്പിൽ നിരോധിത പിഎൽഎ ഭീകര സംഘത്തിന്‍റെ കേഡർമാരെന്ന് സംശയിക്കുന്ന 13 പേർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. അത് മാത്രമല്ല ഒരു പൊതുമേഖലാ ബാങ്ക് കൊള്ളയടിച്ച് പണം അപഹരിച്ച സംഭവം ഉണ്ടായെന്നും ജയ്‌റാം രമേശ് പറഞ്ഞു.
also read : മുഖം മൂടി ധരിച്ചെത്തി ബാങ്കില്‍ നിന്ന് കവർന്നത് 18 കോടിയിലധികം
മണിപ്പൂരിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്താനോ സംസ്ഥാനം സന്ദർശിക്കാനോ ശ്രമിക്കാത്തതിനൊപ്പം മണിപ്പൂരിനോട് നിശബ്‌ദത പാലിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. മണിപ്പൂരിലെ അക്രമസംഭവങ്ങൾ കോൺഗ്രസ് പാർലമെന്‍റിൽ ഉന്നയിക്കുന്നുണ്ടെന്നും, പാർലമെന്‍റിൽ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ശ്രമിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.