ന്യൂഡൽഹി: ഡൽഹിയിൽ തണുപ്പ് 4.1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നതായി റിപ്പോർട്ട്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന താപനിലയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു. വരും ദിവസങ്ങളിലും താപനില കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അയൻനഗർ, ലോധി റോഡ് എന്നിവിടങ്ങളിൽ യഥാക്രമം നാല് ഡിഗ്രി സെൽഷ്യസും 4.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെ നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 190 ആയിരുന്നു. രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം ഉയര്‍ന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. 101 നും 200 നും ഇടയില്‍ എക്യുഐ രേഖപ്പെടുത്തുന്നത് മോഡറേറ്റ് വായു ഗുണനിലവാരമാണ്. വളരെ മോശം നിലയില്‍ നിന്നാണ് വായു ഗുണനിലവാരം മോഡറേറ്റ് ആയി ഉയര്‍ന്നത്. ശക്തമായ കാറ്റ് വീശുന്നതാണ് വായു ഗുണനിലവാരം ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.