ന്യൂഡൽഹി : പത്മ അവാർഡുകൾ 'പീപ്പിൾസ് പത്മ' ആക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അംഗീകാരത്തിനായി സ്വന്തം പേര് ഉൾപ്പെടെയുള്ള നാമനിർദേശങ്ങളും ശുപാർശകളും നൽകാമെന്നും കേന്ദ്രം. 2022 റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കുന്ന അവാർഡുകൾക്കായുള്ള നാമനിർദേശങ്ങൾ 2021 സെപ്റ്റംബർ 15ന് മുൻപായി സമർപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
800 വാക്കിൽ കവിയാതെ വിവരണം നല്‍കണം
https://padmaawards.gov.in. എന്ന വെബ്സൈറ്റിലാണ് നാമനിർദേശങ്ങള്‍ സമർപ്പിക്കേണ്ടത്. പത്മ ഭൂഷൺ, പത്മ വിഭൂഷൺ, പത്മശ്രീ തുടങ്ങിയ അവാർഡുകള്‍ക്കാണ് പരിഗണിക്കുന്നത്. നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിനൊപ്പം വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ, സ്വന്തം മേഖലയിലെ സേവനങ്ങൾ എന്നിവയെക്കുറിച്ച് 800 വാക്കിൽ കവിയാതെ വിവരണവും ഉൾപ്പെടുത്തിയിരിക്കണം.
അസാധാരണമായ സേവനങ്ങൾ നൽകിയിട്ടും ഇതുവരെ അവാർഡിന് പരിഗണിക്കാത്ത അർഹരായവരെ കണ്ടെത്താൻ പ്രത്യേക പരിശോധനാസമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മികവും നേട്ടങ്ങളും തിരിച്ചറിയാൻ അർഹതയുള്ള സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ, സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്ന വ്യക്തികൾ, എന്നിവരെ കണ്ടെത്താൻ സമഗ്രമായ ശ്രമങ്ങൾ നടത്തണമെന്ന് ആഭ്യന്തര വകുപ്പ്, കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ, ഭാരത് രത്‌ന, പത്മവിഭൂഷൺ അവാർഡ് ജേതാക്കൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലൻസ് എന്നിവരോട് അഭ്യർഥിച്ചു.
Also Read: ലോക്ക്ഡൗണിന് മുൻപ് റവന്യൂ വരുമാനത്തിൽ 9834.34 കോടിയുടെ വർധന
നേട്ടങ്ങളിൽ പൊതുസേവനം അഭിവാജ്യ ഘടകം
സമൂഹത്തിൽ പ്രസിദ്ധി നേടാനുള്ള ശ്രമങ്ങൾ നടത്താത്തതിനാലാണ് ഇത്തരത്തിലുള്ള പലരും അവഗണിക്കപ്പെടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പരാമര്‍ശിച്ചിരുന്നു. ശുപാർശ ചെയ്യപ്പെടുന്ന വ്യക്തികളുടെ ജീവിതകാല നേട്ടങ്ങൾ നോക്കി അവാർഡിന് അർഹരാണെന്ന് ഉറപ്പ് വരുത്തണമെന്നും പൊതുസേവനം നടത്തിയവരാണെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രാലയം പറയുന്നു.
കല, സാഹിത്യം, വിദ്യാഭ്യാസം, സ്‌പോർട്‌സ്, മെഡിസിൻ, സാമൂഹ്യ സേവനം, സയൻസ് ആൻഡ് എഞ്ചിനീയറിങ്, പബ്ലിക് അഫയേഴ്‌സ്, സിവിൽ സർവീസ്, ട്രേഡ്, ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലെയും വിഭാഗങ്ങളിലെയും വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ അല്ലെങ്കിൽ സേവനങ്ങൾക്കാണ് പത്മ അവാർഡുകൾ നൽകുന്നത്.
വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്.