തിരുവനന്തപുരം: ഫെഡറലിസത്തിന് കേന്ദ്രസര്‍ക്കാര്‍ വെല്ലുവിളി ആകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിതി ആയോഗിന്‍റെ ഏഴാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കണ്‍കറന്‍റ് ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം. പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാകണം. ലോല മേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നിയന്ത്രണം വേണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ പരിഹാരം കാണണം. പാര്‍ശ്വവത്കൃത വിഭാഗത്തിന്‍റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 11- ഉം 12- ഉം പട്ടികകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചു കഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. സംസ്ഥാനത്തിന്‍റെ കണ്‍സോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോള്‍ ഇതും പരിഗണിക്കമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിഎംഎവൈ നഗര-ഗ്രാമ പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിര്‍മാണസാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതും പരിഗണിക്കേണ്ട വിഷയമാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണം: സില്‍വര്‍ ലൈന്‍ അടക്കമുള്ള റെയില്‍ പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത വികസനമടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്‍റെ വ്യോമ-റെയില്‍ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തില്‍ കനത്ത മഴയില്‍ മണ്ണൊലിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. തീരസംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ കേന്ദ്രത്തില്‍ നിന്നും വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തേങ്ങയില്‍ ഗവേഷണം വേണം: തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ടിഷ്യുകള്‍ച്ചര്‍ തെങ്ങിന്‍ തൈകളുടെ ഉല്‍പാദനത്തിനും വാണിജ്യവത്കരണത്തിനും അവശ്യമായ ഗവേഷണ, വികസന, സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ഉണ്ടാവണം. പാം ഓയില്‍ ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള കേരളത്തില്‍ ഒരു സംസ്‌കരണ യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ പാം ഓയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ സംസ്‌കരണശാലകള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കണം.
നിലക്കടലയുടെ ഉല്‍പ്പാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കൊവിഡനന്തരമുള്ള സാമ്പത്തിക സാഹചര്യത്തില്‍ നിന്ന് സംസ്ഥാനം മുക്തി നേടാത്തതിനാല്‍ കേരളത്തിന്‍റെ വായ്‌പാപരിധി ഉയര്‍ത്തണം. വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം, ഭരണഘടനാമൂല്യങ്ങള്‍, മതേതരത്വം, ശാസ്ത്രാവബോധം എന്നിവ ഉള്‍ക്കൊള്ളുന്നതിന് വിദ്യാര്‍ഥികള്‍ പ്രാപ്തരാകണം എന്നാണ് സംസ്ഥാനത്തിന്‍റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ഫോണ്‍ പുതിയ ലോകം തുറക്കും: ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന പങ്കാളിത്തവും ഗുണമേന്മയുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസം കൊണ്ട് എല്ലാവര്‍ക്കും സമ്പൂര്‍ണ വിദ്യാഭ്യാസം എന്ന ആശയം പ്രവര്‍ത്തികമാക്കാനാവില്ല. വിദ്യാഭ്യാസരംഗവും ഡിജിറ്റല്‍ ലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതാണ് സംസ്ഥാനത്തിന്റെ കെ-ഫോണ്‍ പദ്ധതി. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയില്‍ കേരളം രൂപപ്പെടുത്തിയ സമഗ്ര മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരണീയമാണന്നതും മുഖ്യമന്ത്രി കൗണ്‍സിലിന്‍റെ ശ്രദ്ധയില്‍ പെടുത്തി.
Also Read: നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ ബെറി