മുംബൈ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള തുരങ്ക പാത കണ്ടെത്തിയതിന്‍റെ അമ്പരപ്പിലാണ് മഹാരാഷ്‌ട്രയിലെ ജംഷഡ്‌ജി ജിജിഭോയ് ആശുപത്രി അധികൃതര്‍. ആശുപത്രി കെട്ടിടത്തിന്‍റെ ഉള്‍വശത്താണ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച തുരങ്കം. ബുധനാഴ്‌ച (നവംബര്‍ രണ്ട്) ആശുപത്രി പരിസരം പരിശോധിക്കുന്നതിനിടെ റസിഡന്‍റ് മെഡിക്കൽ ഓഫിസറാണ് കണ്ടെത്തിയത്.
തുരങ്കത്തിന് 200 മീറ്റർ നീളമുണ്ടെന്നും പ്രസവമുറിയില്‍ നിന്ന് കുട്ടികളുടെ വാർഡിലേക്കായി നിര്‍മിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഏകദേശം 130 വർഷങ്ങൾക്ക് മുന്‍പാണ് ബ്രിട്ടീഷുകാർ ഗുഹ നിർമിച്ചതെന്നാണ് പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. സർ ജംഷഡ്‌ജി ജിജിഭോയ്, സർ റോബർട്ട് ഗ്രാന്‍റ് എന്നിവരുടെ സഹകരണത്തോടെയാണ് 177 വർഷം പഴക്കമുള്ള ജെജെ ആശുപത്രി കെട്ടിടങ്ങൾ നിർമിച്ചത്.
1838 മാർച്ച് 16ന് ജംഷഡ്‌ജി ആശുപത്രിയുടെ നിർമാണത്തിനായി ഒരു ലക്ഷമാണ് സംഭാവന ചെയ്‌ത്. 1843 മാർച്ച് 30നാണ് ഗ്രാന്‍റ് മെഡിക്കൽ കോളജിന്‍റെ തറക്കല്ലിട്ടത്. 1845 മെയ് 15ന് ഗ്രാന്‍റ് മെഡിക്കൽ കോളജും സർ ജംഷഡ്‌ജി ജിജിഭോയ് ആശുപത്രിയും മെഡിക്കൽ വിദ്യാർഥികൾക്കും രോഗികൾക്കുമായി തുറന്നു. മുംബൈയിൽ ഇത്തരമൊരു തുരങ്കപാത കണ്ടെത്തുന്നത് ഇതാദ്യമല്ല. വർഷങ്ങൾക്ക് മുന്‍പ് മുംബൈ സെന്‍റ് ജോർജ് പ്രദേശത്തും പുറമെ, നഗരത്തിന്‍റെ വിവിധ ഇടങ്ങളിലും തുരങ്ക പാതകള്‍ കണ്ടെത്തിയിരുന്നു.