പട്‌ന: ജോലി സ്ഥലങ്ങളില്‍ ജീന്‍സ്, ടി-ഷര്‍ട്ട് പോലുള്ള ക്യാഷ്വല്‍ വസ്‌ത്രങ്ങള്‍ ധരിക്കരുതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിഹാര്‍ സര്‍ക്കാര്‍. സംസ്‌കാരത്തിന് വിരുദ്ധമായ പ്രവര്‍ത്തിയാണ് ഇത്തരത്തില്‍ ക്യാഷ്വല്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതിലൂടെ വെളിവാകുന്നതെന്നാണ് സര്‍ക്കാര്‍ പക്ഷം. ബുധനാഴ്‌ചയാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലംഘിച്ചാല്‍ നടപടി: ജോലി സ്ഥലത്തെ സംസ്‌കാരവുമായി യോജിച്ച വിധത്തിലാണ് ജീവനക്കാരും ഉദ്യോഗസ്ഥരും ഓഫിസില്‍ എത്തേണ്ടത്. ഫോര്‍മല്‍ വസ്‌ത്രങ്ങളില്‍ അല്ലാതെ ജോലി സ്ഥലത്ത് എത്തുന്ന ജീവനക്കാര്‍ക്ക് മേല്‍ ഉടനടി നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഉത്തരവിന് അനുകൂലമായോ പ്രതികൂലമായോ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു പരാമര്‍ശം പോലും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം സരണ്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ്വല്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടഞ്ഞിരുന്നു. മറിച്ച് ഫോര്‍മല്‍ വസ്‌ത്രവും ഓഫിസ് ഐഡന്‍റിറ്റി കാര്‍ഡും നിര്‍ബന്ധമാക്കുകയും ചെയ്‌തു. 2019ല്‍ ജീന്‍സും ടി ഷര്‍ട്ടും ധരിക്കുന്നതിന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ജോലി സ്ഥലത്തെ അന്തസിന് ചേര്‍ന്ന വിധത്തില്‍ വസ്‌ത്രങ്ങള്‍ ധരിക്കണമെന്നതായിരുന്നു ഈ ഉത്തരവിന് പിന്നലുള്ള ലക്ഷ്യം. സാധാരണവും അനുയോജ്യമായതും ഇളം നിറത്തിലുമുള്ള വസ്‌ത്രങ്ങള്‍ ജോലി സ്ഥലത്ത് ധരിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
സമാന ഉത്തരവിറക്കി മഹാരാഷ്‌ട്ര: അതേസമയം, 2020 ല്‍ മഹാരാഷ്‌ട്ര സര്‍ക്കാരും തങ്ങളുടെ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയിരുന്നു. ജീവനക്കാര്‍ ജീന്‍സ്, ടി- ഷര്‍ട്ട്, സ്ലിപ്പര്‍ എന്നിവ ധരിക്കരുതെന്നും ആഴ്‌ചയില്‍ ഒരു ദിവസം ഖാദി വസ്‌ത്രം ധരിക്കണമെന്നുമായിരുന്നു ഉത്തരവ്. ജീവനക്കാരില്‍ ചിലര്‍ സര്‍ക്കാര്‍ ജേലിക്ക് അനുയോജ്യമായ രീതിയില്‍ വസ്‌ത്രം ധരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ഉത്തരവ് ഇറക്കിയത്.
ഇത്തരം ക്യാഷ്വല്‍ വസ്‌ത്രധാരണം സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് മോശം കാഴ്‌ചപ്പാടുണ്ടാക്കാന്‍ കാരണമാകുമെന്നാണ് സര്‍ക്കാരിന്‍റെ നിരീക്ഷണം. വനിത ജീവനക്കാര്‍ സാരി, ചുരിദാര്‍, കുര്‍ത്ത, പാന്‍റസ്-കുര്‍ത്ത, ദുപ്പട്ട എന്നിവ ധരിക്കണമെന്നും പുരുഷന്മാര്‍ പാന്‍റ്-ഷര്‍ട്ട് എന്നിവ ധരിക്കണമെന്നുമായിരുന്നു നിര്‍ദേശം. വെള്ളിയാഴ്‌ച ദിവസമായിരുന്നു ഖാദി വസ്‌ത്രം നിര്‍ബന്ധമാക്കിയത്.
കൂടാതെ കടും നിറമുള്ള വസ്‌ത്രങ്ങള്‍ക്കും എംബ്രയോഡറി ചിത്രങ്ങളുള്ള വേഷങ്ങള്‍ക്കും വിലക്ക് ഉണ്ട്. ഷൂസോ സ്ലിപ്പറുകള്‍ അല്ലാത്ത ചെരുപ്പിനോ വിലക്ക് ഇല്ല. സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമല്ല കരാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിയമം നിര്‍ബന്ധമാക്കിയിരുന്നു.
ആശുപത്രിയില്‍ ക്യാഷ്വല്‍ വസ്‌ത്രം വേണ്ടെന്ന് ഹരിയാന സര്‍ക്കാര്‍: ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും ഡ്രസ് കോഡില്‍ ബിജെപി സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജീന്‍സ്, ടി-ഷര്‍ട്ട്, മേക്കപ്പ്, അസ്വഭാവിക ഹെയല്‍ സ്‌റ്റൈല്‍, നഖം വളര്‍ത്തല്‍ എന്നിവ പാടില്ലെന്നായിരുന്നു പുതിയ നിര്‍ദേശം. ഔദ്യോഗിക വസ്‌ത്രമല്ലാതെ മറ്റ് വസ്‌ത്രങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. പ്രൊഫഷണലിസം കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു വിശദീകരണം.