ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ വികസനം ഈ മാസം 13നെന്ന് മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. ഡല്‍ഹി സന്ദര്‍ശത്തിന് ശേഷം ശേഷം ബംഗളൂരുവില്‍ എത്തിയപ്പോഴാണ് യദ്യൂരപ്പ ഏറെ കാത്തിരുന്ന മന്ത്രിസഭാ വികസനത്തെ കുറിച്ച് സൂചന നല്‍കിയത്. അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച്ചക്കായാണ് അദ്ദേഹം ഡല്‍ഹിക്ക് പോയത്.
പുതുതായി ഏഴ് മന്ത്രിമാര്‍ കൂടി ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്‌ച ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി അദ്ദേഹത്തിന്‍റെ വസതിയില്‍ വെച്ചാണ് യദ്യൂരപ്പ കൂടിക്കാഴ്‌ച നടത്തിയത്. കര്‍ണാടകയിലെ രാഷ്‌ട്രീയ സാഹചര്യം ഉള്‍പ്പെടെ ഇരുവരും ചര്‍ച്ച ചെയ്‌തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കര്‍ണാടകയുടെ ചുമതലയുള്ള അരുണ്‍ സിങ് എന്നിവരും പങ്കെടുത്തു.
കര്‍ണാടകയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബിജെപി മന്ത്രിസഭാ വികസനവുമായി മുന്നോട്ട് പോകുന്നത്. ഒരു പാര്‍ലിമെന്‍ററി മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.