ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. അരുണ്‍ ജയ്റ്റ്ലി,സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 യാണ് സഭ ചേരുക.സമ്മേളനത്തില്‍ നിയമ നിര്‍മാണ അജണ്ടക്ക് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ശീതകാല സമ്മേളനത്തില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ അവകാശ സംരക്ഷണത്തിനായുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍ ബില്‍ തുടങ്ങി പ്രധാനപ്പെട്ട 47 ബില്ലുകള്‍ ചര്‍ച്ച ചെയ്യും. പൗരത്വ ഭേദഗതി ബില്ലും ചർച്ചക്ക് വരും. നിര്‍ദിഷ്ട ബില്ല് പാസായാല്‍ 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഇതര മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വത്താവകാശം കൈവരും.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഖ്യകക്ഷി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീര്‍പ്പാകാത്ത എല്ലാ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.