ന്യൂഡല്‍ഹി: മധ്യപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് ഡല്‍ഹി പ്രത്യേക സിബിഐ കോടതി ഏഴു വർഷത്തെ കഠിന തടവ് വിധിച്ചു. കേസില്‍ പ്രതികൾ 3000 രൂപ പിഴയും അടയ്ക്കണം. വ്യാപം- 2012 പരീക്ഷയില്‍ ഉദ്യോഗാർഥിയായിരുന്ന അമിത് ഗൗറിന് പകരം നിതീഷ് കുമാർ എന്ന പ്രതിയാണ് ഹാജരായത്. ഇതിന് ഇടനിലക്കാരനായി പങ്ക് കുമ എന്ന ഉദ്യോഗസ്ഥനും പ്രവർത്തിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം 2015 ഡിസംബർ 15നാണ് മധ്യപ്രദേശ് പൊലീസില്‍ നിന്ന് സിബിഐ കേസ് ഏറ്റെടുത്തത്.
2012ല്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷ ബോർഡ് നടത്തിയ മധ്യപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റ് ടെസ്റ്റിലാണ് ക്രമക്കേട് നടത്തിയത്. അന്വേഷണത്തിനിടിയില്‍ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന പങ്കജ് കുമയുടെ പങ്കും പുറത്ത് വന്നു. 2016 ജൂണില്‍ നാല് പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ പിടിയിലായ രണ്ട് പേരെ പ്രത്യേക സിബിഐ ജഡ്ജി കുറ്റവിമുക്തനാക്കിയിരുന്നു.