ന്യൂഡല്‍ഹി: കൊവിഡ്-19 ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ എട്ടുമുതലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും അനുമതിയില്ല. വിഗ്രഹങ്ങളില്‍ തൊടരുതെന്നും ദര്‍ശനത്തിന് മാത്രമാണ് അനുമതിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രസാദവും തീര്‍ഥവും നല്‍കരുത്. പള്ളികളില്‍ ഗായക സംഘങ്ങളെ അനുവദിക്കില്ല. പ്രാര്‍ഥനക്ക് പൊതു പായ നല്‍കുന്നത് ഒഴിവാക്കണം. അതോടൊപ്പം ഭക്ഷണശാലകള്‍ തുറക്കാനും അനുമതി നല്‍കി. എന്നാല്‍ പകുതി സീറ്റില്‍ മാത്രമാണ് ആളുകളെ അനുവദിക്കുക. ഷോപ്പിങ്ങ് മാളുകളും തുറക്കാം. എന്നാല്‍ കയറാനും ഇറങ്ങാനും വെവ്വേറെ വാതിലുകള്‍ ഒരുക്കണം. മാളില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുറക്കരുത്.
തിയേറ്ററുകള്‍ തുറക്കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഓഫീസുകളില്‍ സന്ദര്‍ശകരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് നിര്‍ദ്ദേശം. ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഓഫീസുകള്‍ അടച്ചിടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.