ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ടൈഗർ റിസർവിൽ (പിടിആർ) കടുവയുടെ ജഡം കണ്ടെത്തി. ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് മഹോഫ് ഫോറസ്റ്റ് റേഞ്ചിലെ ഖക്ര കമ്പാർട്ടുമെന്‍റിൽ ഒരു മുതിർന്ന കടുവയുടെ ജഡം അഴുകിയ നിലയില്‍ പിലിഭിത് ടൈഗർ റിസർവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. രണ്ടാഴ്‌ചക്ക് മുമ്പും ഒരു കടുവയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു.
കടുവയുടെ ശരീരത്തിന്‍റെ ഒരു ഭാഗം കാട്ടുമൃഗങ്ങൾ ഭക്ഷിച്ചിരുന്നതായി പിടിആർ ഫീൽഡ് ഡയറക്ടർ എച്ച്. രാജമോഹൻ പറഞ്ഞു. കടുവയുടെ നഖങ്ങൾക്കും പല്ലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല. വേട്ടക്കാർ കൊന്നതല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജഡത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രിൽ നാലിന് ശേഷം മൂന്ന് മുതിർന്ന കടുവകളെയാണ് പിലിഭിത് ടൈഗർ റിസർവിന് നഷ്‌ടമായത്. രണ്ട് എണ്ണം ചത്ത് പോവുകയും ഒന്നിനെ കാൻപൂർ മൃഗശാലയിലേക്ക് അയക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെച്ച് നിമിഷങ്ങൾക്കുള്ളില്‍ ഒരു കടുവ ചത്തിരുന്നു.
കടുവയുടെ മരണത്തെക്കുറിച്ചുള്ള സൂചനകൾ ശേഖരിക്കുന്നതിന് ഫീൽഡ് ഫോറസ്റ്റ് ഫോഴ്‌സിനെ പ്രദേശത്ത് അന്വേഷണം നടത്താൻ നിയോഗിച്ചു. കടുവയുടെ മരണകാരണങ്ങൾ വിലയിരുത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തി. കടുവയുടെ പോസ്റ്റ്‌മോർട്ടം പിടിആറിൽ വെച്ച് ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരുടെ സംഘം നടത്തും. കഴിഞ്ഞ തവണത്തെ കണക്കുകൾ പ്രകാരം പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിൽ 50 കടുവകൾ മാത്രമാണുള്ളത്.