ന്യൂഡൽഹി: ജപ്പാന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഷിന്‍സോ ആബെ രാജി സമര്‍പ്പിച്ചതോടെ രാജ്യം വീണ്ടും രാഷ്ട്രീയ അസ്ഥിരത നേരിടാന്‍ പോകുന്നു. ഇതോടെ ഇന്ത്യക്ക് ആഗോളതലത്തില്‍ ഏറ്റവും വലിയ ഒരു പിന്തുണയുടെ ശബ്‌ദമാണ് നഷ്‌ടപ്പെടാന്‍ പോകുന്നത്. ഇന്ത്യയുമായുള്ള ജപ്പാന്‍റെ ബന്ധത്തെ രാജ്യത്തിന്‍റെ നയങ്ങളില്‍ മുഖ്യ വേദിയിലേക്ക് എത്തിക്കുന്നതിന് ആബെ വ്യക്തിപരമായി തന്നെ പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്ന ആളായിരുന്നു.
ജപ്പാനും ഇന്ത്യക്കും ഇടയില്‍ ആഗോള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള അടിത്തറ 2001 ലാണ് ആരംഭിച്ചത്. 2005 മുതല്‍ എല്ലാ വര്‍ഷവും ഉഭയകക്ഷി ഉച്ചകോടികള്‍ നടത്താമെന്ന് സമ്മതിച്ചതോടെ ആബെ അതിന്‍റെ വേഗത വർധിപ്പിച്ചു. ഭരണ കാലഘട്ടത്തിന്‍റെ തുടക്കത്തിൽ തന്നെ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം 2007 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്‌തു. അന്നത്തെ തന്‍റെ പ്രസംഗത്തില്‍ ഇന്ത്യ ബന്ധത്തിനു വേണ്ടിയുള്ള തന്‍റെ വീക്ഷണങ്ങളെ കൃത്യമായി അദ്ദേഹം അവതരിപ്പിച്ചു. "രണ്ട് സമുദ്രങ്ങളുടെ സംഗമം'' എന്ന പ്രസംഗത്തില്‍ ഇന്ന് ഇന്ത്യ- ജപ്പാന്‍ ബന്ധങ്ങളുടെ നിര്‍ണായക തൂണായി വര്‍ത്തിക്കുന്ന ഇന്‍ഡോ- പസഫിക്ക് എന്ന ആശയത്തെ അദ്ദേഹം മുന്നോട്ടുവെച്ചു. 2012ലെ തന്‍റെ രണ്ടാം ഭരണ കാലത്ത് അദ്ദേഹം മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ചു. അതിലൊന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായിട്ടായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അടുത്ത വ്യക്തി ബന്ധവും അദ്ദേഹം സ്ഥാപിച്ചെടുത്തു.
ആബെയും നരേന്ദ്രമോദിയെയും സംബന്ധിച്ചിടത്തോളം ഈ ബന്ധം അസാധാരണമായ ഒന്നായി തോന്നാം. കാരണം ആബെ ജപ്പാനിലെ സാധ്യമായ രാഷ്‌ട്രീയ രാജകീയതയുടെ ഏറ്റവും അടുത്ത പരമ്പരാവകാശിയായിരുന്നു. ആബെയുടെ മുത്തച്ഛന്‍ നൊബൂസൂക്കെ കിഷി 1957 മുതല്‍ 1960 വരെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ഷിന്‍റാരോ ആബെ വിദേശകാര്യമന്ത്രിയും ആയിരുന്നു. അദ്ദേഹം തന്‍റെ ബന്ധുവായ ഐസാകു സാട്ടോയെ മറികടന്ന് ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയായി മാറി. അതേ സമയം മോദിയാകട്ടെ വളരെ എളിയ ഒരു പശ്ചാത്തലത്തില്‍ നിന്നും തുടങ്ങിയ വ്യക്തിയും. എന്നാല്‍ അവരുടെ ശക്തമായ ദേശീയത വീക്ഷണങ്ങള്‍ 'കരുത്തുറ്റ' രാഷ്‌ട്ര പദവി എന്ന വീക്ഷണം പങ്കുവെച്ചു. ജപ്പാന്‍റെ മൂലധനങ്ങള്‍ ചൈനയില്‍ നിന്നും ക്രമേണ പിന്‍വലിക്കാനുള്ള ആബെയുടെ നീക്കം ദേശീയ താൽപര്യങ്ങളുടെ വർധിതമായ സമ്മേളനം സാധ്യമാക്കി എന്ന് മാത്രമല്ല, അവര്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധവും ശക്തമായി. തന്‍റെ തറവാടായ യമാനാഷിയില്‍ മോദിക്ക് ആബെ ആതിഥ്യം നൽകിയതിൽ നിന്നും അത് വ്യക്തമായിരുന്നു. അത്തരം ഒരു ബഹുമാനം ജപ്പാനില്‍ നേടിയ ആദ്യ വിദേശ നേതാവായിരുന്നു നരേന്ദ്ര മോദി.
വിദേശനയ മേഖലയില്‍ ജപ്പാന്‍റെ പ്രമുഖ പങ്കാളിയായ ഡൊണാൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള യുഎസ്എയുടെ വലതുഭാഗത്ത് തന്നെ നിലകൊള്ളാൻ ആബെക്ക് കഴിഞ്ഞു. കൂടുതല്‍ ശക്തരും കാര്യങ്ങള്‍ മേധാവിത്തത്തോടെ നടത്തുന്നവരുമായി മാറിക്കൊണ്ടിരിക്കുന്ന ചൈനക്കെതിരെ ശക്തമായി നില കൊള്ളുന്നതിനായി അദ്ദേഹം ഇന്ത്യയെയും കൂടെ നിര്‍ത്തി. അതിലൂടെ അദ്ദേഹം ഏഷ്യ -ആഫ്രിക്ക വളര്‍ച്ചാ ഇടനാഴിക്ക് തുടക്കമിട്ടു. ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് ഇനിഷ്യേറ്റീവിന് ബദല്‍ മാതൃകയായിരുന്നു ഈ ചുവടുവെപ്പ്. ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന നാല് ജനാധിപത്യ രാജ്യങ്ങളുടെ മുഖ്യ പ്രയോക്താവായിരുന്നു അദ്ദേഹം. ജപ്പാന് പുറമെ ഇന്ത്യയും യുഎസും ഓസ്‌ട്രേലിയയും ആണ് മറ്റ് രാജ്യങ്ങൾ. ഈ മേഖലയിലെ തങ്ങളുടെ മേധാവിത്വത്തോടെയുള്ള നയങ്ങള്‍ അസ്വസ്ഥകള്‍ ഉണ്ടാക്കുന്നുവെന്ന് ചൈനക്ക് വ്യക്തമായ സൂചനകള്‍ നല്‍കുന്ന ഒരു കൂട്ടായ്‌മയായി ഇത് മാറി.
ആഗോള തലത്തിൽ വന്‍ സ്വീകാര്യത ഉണ്ടായിട്ടും ജപ്പാനിലെ പൊതുജനങ്ങളുടെ വലിയ പിന്തുണ നേടാൻ ആബെക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ കൂടുതല്‍ ദേശീയത ഉള്‍പ്പെടുന്ന നയങ്ങള്‍ക്കും, രാജ്യത്തിന്‍റെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ക്കും, ചരിത്രം തിരുത്തി എഴുതാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും പിന്തുണ ലഭിച്ചില്ല. അദ്ദേഹം ജപ്പാന്‍റെ കോളനിവല്‍ക്കരണ ചരിത്രം മാറ്റി എഴുതാൻ നടത്തിയ ശ്രമത്തിന് വലിയ എതിര്‍പ്പ് നേരിട്ടു. കൊറിയയില്‍ ജപ്പാന്‍റെ സായുധ സേനകള്‍ യുദ്ധകാലത്ത് നടത്തിയ മുതലെടുപ്പുകളും കലാപങ്ങളും സ്‌ത്രീകളെ അടിമകളാക്കി വെച്ചതും അടങ്ങിയ ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമവും അദ്ദേഹം നടത്തി. പ്രതിരോധം സംബന്ധിച്ച് ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സര്‍ക്കാരിന്‍റെ ധവളപത്രത്തില്‍ അദ്ദേഹം ജപ്പാന്‍റെ പ്രതിരോധ സേനകളെ പരമാവധി തലത്തിലേക്ക് കരുത്തുറ്റതാക്കിയതായി ചൂണ്ടിക്കാണിച്ചു.
ബന്ധങ്ങളില്‍ വലിയ പുരോഗതി ഉണ്ടായതോടുകൂടി ഇന്ത്യയും ജപ്പാനും തമ്മില്‍ വിദേശ, പ്രതിരോധ മന്ത്രിതല കൂടിക്കാഴ്‌ചകള്‍ ഉണ്ടായി. 2019 നവംബറിലായിരുന്നു ഇതിന്‍റെ തുടക്കം. ഏറെ അടുപ്പമുള്ള ഉഭയകക്ഷി തന്ത്രപര ബന്ധമായിരുന്നു ഇത് സൂചിപ്പിച്ചത്. 2015 ല്‍ പ്രതിരോധ ഉപകരണ സാങ്കേതിക വിദ്യ കൈമാറല്‍ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുദ്ധകാല ശേഷമുള്ള ജപ്പാന്‍റെ പതിവ് രീതികള്‍ക്ക് വിരുദ്ധമായിരുന്നു ഈ ചുവടുവെയ്പ്പ്. ഇന്നിപ്പോള്‍ സൈനിക ലോജിസ്റ്റിക് പിന്തുണാ കരാറും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തു വരുന്നു. സൈനിക ഏറ്റെടുക്കലുകളും പരസ്‌പര പരിപാലന കരാറുകളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
മോദിയും ആബെയും ഉഭയകക്ഷി ബന്ധങ്ങളെ 'പ്രത്യേക തന്ത്രപര, ആഗോള പങ്കാളിത്തം' എന്ന തലത്തിലേക്ക് ഉയര്‍ത്തി. ലോകത്ത് ആണവ ആക്രമണം നേരിട്ട ഏക രാജ്യമായ ജപ്പാന്‍ ഒരു എന്‍പിടി ഇതര രാജ്യമായ ഇന്ത്യയുമായി ഒരു മൗലിക സിവില്‍ ആണവോര്‍ജ്ജ കരാര്‍ ഒപ്പുവെച്ചു. ആ ബന്ധം ഇന്ന് സിവിലിയന്‍ ആണവോര്‍ജ്ജം, ഭീകര വിരുദ്ധ നടപടികള്‍, പ്രതിരോധം തുടങ്ങി സമുദ്ര സുരക്ഷാ, ബുള്ളറ്റ് ട്രെയിനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്‍ഡോ- പസഫിക് തന്ത്രങ്ങള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയും മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ആക്‌ട് ഈസ്റ്റ് ഫോറത്തിന് കീഴില്‍ വന്‍തോതിലുള്ള മുതല്‍മുടക്കാണ് ജപ്പാന്‍ ഈ മേഖലയില്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ക്വാഡിന്‍റെ പ്രാതിനിധ്യം വിദേശകാര്യമന്ത്രി തലത്തിലേക്ക് ആബെ ഉയര്‍ത്തി. ഇന്‍ഡോ- പസഫിക് സമുദ്ര മേഖലയില്‍ ചൈനയുടെ മേധാവിത്വത്തോടെയുള്ള നടപടികള്‍ വർധിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. 2017ല്‍ ദോക്ലാമിലും ഈ വര്‍ഷം ആദ്യം ലഡാക്കിലും ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോള്‍ ഇന്ത്യയെ പിന്തുണച്ച ജപ്പാന്‍ ഏകപക്ഷീയമായി സ്ഥിതി മാറ്റാൻ ചൈന നടത്തുന്ന ശ്രമങ്ങളെയും അവരുടെ പെരുമാറ്റത്തെയും തുറന്ന് വിമര്‍ശിച്ചു. അതേസമയം തന്നെ ഒരിക്കല്‍ പോലും ജപ്പാന്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞില്ല. ജമ്മു കശ്‌മീർ വിഷയം, പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് തുടർന്നു. 2019 ഡിസംബറില്‍ ഗുവാഹത്തിയിലേക്കുള്ള ആബെയുടെ യാത്ര പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മൂലം റദ്ദാക്കേണ്ടി വന്നിട്ടും അതായിരുന്നു അവസ്ഥ.
ജപ്പാൻ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച 66 വയസുകാരനായ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്‍റെ രാജി പ്രഖ്യാപിച്ചപ്പോള്‍ തനിക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ ലക്ഷ്യങ്ങളുടെ പേരില്‍ ജപ്പാന്‍ ജനതയോട് മാപ്പ് പറഞ്ഞു. 2021 സെപ്റ്റംബറില്‍ അവസാനിക്കേണ്ടിയിരുന്ന ഭരണ കാലാവധിക്ക് മുമ്പ് തന്നെ പടിയിറങ്ങുകയാണ് അദ്ദേഹം. മാപ്പ് പറയുന്നതിന് പകരം ഒരുപക്ഷെ അദ്ദേഹത്തിന് തന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാമായിരുന്നു. 'ആബെനോമിക്‌സ്' എന്ന പേരില്‍ പൊതുവായി അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ സ്വന്തം സാമ്പത്തിക നയവും ഈ നേട്ടങ്ങളില്‍ ഒന്നാണ്. ജപ്പാന്‍റെ സാമ്പത്തികമായ പുനരുജ്ജീവനത്തില്‍ പ്രത്യേകം ശ്രദ്ധയൂന്നിക്കൊണ്ട് ജപ്പാന്‍റെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കി മാറ്റിയ ഒന്നായിരുന്നു ആ നയം. ആഭ്യന്തരതലത്തില്‍ ആവശ്യകത കുത്തനെ വർധിപ്പിച്ച നയം ഉൽപാദനം വർധിപ്പിക്കാതെ നാണയപ്പെരുപ്പം ഉണ്ടാകുന്ന ദുരവസ്ഥയില്‍ നിന്നും രാജ്യത്തെ കരകയറ്റി.
ആബെയുടെ പെട്ടെന്നുള്ള രാജി അദ്ദേഹത്തിന്‍റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്ത് ചില കുഴപ്പങ്ങളൊക്കെ സൃഷ്‌ടിച്ചേക്കാം. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ആള്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലാവധി ഒരുപക്ഷെ പൂര്‍ത്തിയാക്കിയേക്കും. അതുകഴിഞ്ഞ് പുതിയ ദേശീയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഇന്ത്യയുമായുള്ള ഊഷ്‌മളതയും ബന്ധങ്ങളിലെ ആഴവുമെല്ലാം നിലനിര്‍ത്തുമോ എന്നുള്ള കാര്യം കണ്ടറിയണം. എന്നാല്‍ ടോക്കിയോയില്‍ വരാനിരിക്കുന്ന രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍ വളരെ വലിയ താൽപര്യത്തോടെ ആയിരിക്കും ഇന്ത്യ നോക്കി കാണുന്നത്.