ഹൈദരാബാദ്: ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്ന സ്ത്രീ വീട്ടുജോലിക്കായി നിർത്തിയിരുന്ന അഞ്ച് വയസുകാരിയെ പൊലീസ് വെള്ളിയാഴ്ച മോചിപ്പിച്ചു. ചാദർഗട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വഹേദ് നഗറിൽ സീമ എന്ന സ്ത്രീയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിയ്ക്ക് നിർത്തിയിരുന്നത്. ഇവർ പെൺകുട്ടിയെ മർദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അഞ്ചു വയസുകാരിയെ ബാലവേലയ്ക്ക് ഉപയോഗിക്കുന്നുവെന്ന പരാതി ലഭിച്ചത്. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ത്രീയുടെ വീട്ടിലെത്തുകയും കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നുതായും പൊലീസ് പറഞ്ഞു.