ഹൈദരാബാദ്: രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യവുമായി തെലങ്കാന കോൺഗ്രസ് യൂണിറ്റ്. പാർലമെൻ്റ് അംഗം മാണിക്യം ടാഗോർ, തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, എൻ. ഉത്തം കുമാർ റെഡി, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭാട്ടി വിക്രമാർക, എ.ഐ.സി.സി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗം പ്രമേയം ഐകകണ്ഠ്യേന പാസാക്കി. രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷൻ ആകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങൾ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തകർച്ചയെ തുടർന്ന് 2019ലാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. പിന്നീട് പല നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയില്ല. ഇടക്കാല അധ്യക്ഷയായി ഇപ്പോൾ സോണിയ ഗാന്ധിയാണ് ചുമതലയിൽ ഉള്ളത്. രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് ഇതേ പദവി വഹിച്ചിരുന്ന സോണിയ ഏറെക്കാലം തുടരില്ല എന്ന് വ്യക്തമാക്കിയിരുന്നു.