ഹൈദരാബാദ്: കൊവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് തെലങ്കാന കോൺഗ്രസ്. വൈറസ് ബാധിച്ച് മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ടിപിസിസി മേധാവിയും നൽഗൊണ്ട എംപിയുമായ ഉത്തം കുമാർ റെഡ്ഡി ഗവർണർ തമിഴ്‌സായ് സൗന്ദരരാജന് അപേക്ഷ സമർപ്പിച്ചു.
കൊവിഡിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മനോഭാവം അശാസ്ത്രീയവും യുക്തിരഹിതവുമാണ്. എന്തുകൊണ്ടാണ് സർക്കാർ കുറച്ച് ടെസ്റ്റുകൾ മാത്രം നടത്തുന്നതെന്ന് സംസ്ഥാനത്തെ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല. തെലങ്കാനയിൽ അണ്ടർ ടെസ്റ്റിങ്ങ് നടക്കുന്നുണ്ടെന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു. ഇത്രയും നാളായിട്ടും ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ പൂർണമായും നൽകിയിട്ടില്ലെന്നും ഉത്തം കുമാർ റെഡ്ഡി ആരോപിച്ചു. പാവപ്പെട്ടവർക്ക് നൽകുന്ന 1500 രൂപ ധനസഹായം ലോക്ക് ഡൗണ്‍ കാലയളവിൽ 5000 രൂപയായി ഉയർത്തണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.