ജയ്‌പൂർ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) നോട്ടീസ് നൽകി. മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി മുഖേനയാണ് നോട്ടീസ് നൽകിയത്. മൊഴി രേഖപ്പെടുത്തണമെന്നും നോട്ടീസിൽ എസ്ഒജിയുടെ നിർദേശമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച സഞ്ജയ് ജെയ്‌നിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജെയ്‌നിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓഡിയോ ടേപ്പ് വിവാദത്തിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രിക്ക് നോട്ടീസ് അയച്ചതെന്ന് എസ്ഒജിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ വൈറലായ ശബ്ദരേഖകൾ ചൂണ്ടിക്കാട്ടി രണ്ട് എഫ്.ഐ.ആറുകളാണ് കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി മുഖേന എസ്ഒജിക്ക് സമർപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്, സഞ്ജയ് ജെയിൻ, എംഎൽഎയായ ഭൻവർലാൽ ശർമ എന്നിവരാണ് ഓഡിയോ ടേപ്പ് വിവാദത്തിൽ ഉൾപ്പെട്ടത്.