ഛണ്ഡീഗഡ്: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയാണ് ഷെഫാലി വര്‍മ. ഹരിയാനയിലെ റോതക്ക് സ്വദേശി. ഇന്ന് ലോക ക്രിക്കറ്റിൽ ഇടം പിടിച്ച ഷെഫാലിക്ക് പണ്ട് ക്രിക്കറ്റ് കളിക്കാൻ ആൺകുട്ടിയുടെ വേഷം അണിയേണ്ട സാഹചര്യം പോലും ഉണ്ടായെന്നത് അവിശ്വസനീയം.
ഷെഫാലി വര്‍മയുടെ വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കണ്ട് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കർ പോലും അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാരിയായ ഷെഫാലിക്ക് ആ നേട്ടം കൈവരിക്കുക എളുപ്പമായിരുന്നില്ല. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ വളരേണ്ടി വന്നതും വീട്ടിലെ ദാരിദ്ര്യവും 16കാരിയായ ഷെഫാലിക്ക് വലിയ വെല്ലുവിളിയായി.
മകളുടെ വിജയത്തിലേക്കുള്ള യാത്രയെ കുറിച്ച് പറയുമ്പോള്‍ ഷെഫാലിയുടെ അച്ഛന്റെ കണ്ണുകള്‍ നനയും.. ശബ്‌ദം ഇടറും.. ധീരയായ മകള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് അദ്ദേഹം വാചാലനാണ്. വെറും 280 രൂപ കൈവശം വെച്ച് കുടുംബം പോറ്റേണ്ടി വന്ന അവസ്ഥയും അദ്ദേഹം ഓർത്തെടുത്തു. അക്കാലത്ത് പുതിയ ഒരു കൈയുറയോ ബാറ്റോ വേണമെന്ന് ആവശ്യപ്പെടാന്‍ പോലും അവള്‍ക്ക് കഴിയുമായിരുന്നില്ല. അതിനാൽ കീറിയ കൈയുറയും പൊട്ടിയ ബാറ്റും ഉപയോഗിച്ച് അവള്‍ ഏറെ കാലം ക്രിക്കറ്റ് കളിച്ചതും അദ്ദേഹം ദുഃഖത്തോടെ പങ്കുവച്ചു.
റോതക്കില്‍ ജനിച്ച് വളര്‍ന്ന ഷെഫാലി വര്‍മ ഇന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഇളയവളാണ്. അവള്‍ ഇന്ദ്രജാലം തീര്‍ക്കുന്നത് ബാറ്റുകൊണ്ട് മാത്രമല്ല. മികച്ച ഒരു വിക്കറ്റ് കീപ്പറും കൂടിയാണ് ഷെഫാലി. ചിലപ്പോഴൊക്കെ ബൗളറും. ക്രിക്കറ്റ് പരിശീലനം പെണ്‍കുട്ടികള്‍ക്ക് ലഭ്യമല്ലാതിരുന്ന കാലത്താണ് അവസരം ലഭിക്കാൻ ഷെഫാലി ആണ്‍കുട്ടിയായി വേഷം കെട്ടിയത്.
മകളെ ക്രിക്കറ്റ് കളിപ്പിക്കുന്നതിൽ നിന്നും ആളുകൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലത്തെ ഓർത്തെടുക്കുകയാണ് ഷെഫാലിയുടെ അമ്മ. മകളെ കളിക്കാൻ വിടുന്നതിനാൽ ജനങ്ങക്ക് പരിഹാസമായിരുന്നുവെന്നും അമ്മ പറയുന്നു.
ഒൻപത് വയസുള്ളപ്പോഴാണ് ഷെഫാലി ആദ്യമായി ബാറ്റ് കയ്യിലെടുക്കുന്നത്. ആദ്യമൊക്കെ അവളുടെ സഹോദരനായിരുന്നു പതിവായി ക്രിക്കറ്റ് കളിച്ചിരുന്നത്. ഒരു ദിവസം സഹോദരന് സുഖമില്ലാതിരുന്നപ്പോള്‍ സഹോദരന്‍റെ ജേഴ്‌സി അണിഞ്ഞ് അവള്‍ കളിക്കളത്തില്‍ ഇറങ്ങി. അതിന് ശേഷം നിരവധി സന്ദര്‍ഭങ്ങളിൽ ഷെഫാലിക്ക് സഹോദരന്റെ ജേഴ്‌സി അണിഞ്ഞ് കളിക്കേണ്ടി വന്നു.
ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിൽ അതി പ്രശസ്‌തമായ പേരായി മാറി ഷെഫാലി വര്‍മ്മ. വെറും 15 വയസ് മാത്രം ഉള്ളപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടി അവിസ്‌മരണീയമായ വിജയം കൈവരിച്ച ആദ്യ വ്യക്തി കൂടിയാണ് ഷെഫാലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ ദീര്‍ഘ കാലം നിന്ന റെക്കോര്‍ഡാണ് ഷെഫാലി തിരുത്തി കുറിച്ചത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ സുസ്ഥിരമായ പ്രകടനമാണ് ഷെഫാലിയുടേത്. സ്വന്തം സംസ്ഥാനമായ ഹരിയാനയുടെ മാത്രമല്ല, രാജ്യത്തിന്‍റെ മുഴുവന്‍ യശസ് ഉയർത്തുകയാണ് ഷെഫാലി വര്‍മ.