ലക്നൗ: രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം നല്കിയ നോട്ടീസിനെതിരെ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഹിന്ദുസ്ഥാനിയാണെന്നും ഇവിടെ ജനിച്ചു വളര്‍ന്നവനാണെന്നുമുള്ള കാര്യം രാജ്യത്തിനു മുഴുവന്‍ അറിവുള്ള കാര്യമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ സമീപനം ശുദ്ധ അസംബന്ധമാണെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ രാഹുലിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തര വകുപ്പ് രാഹുലിനു നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ ആവശ്യം. ലോക്സഭാ സ്ഥാനാര്‍ഥിയായി രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്‍പ്പെട്ട രേഖകളിലൊന്നില്‍ ബ്രിട്ടീഷ് പൗരന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. 2003 ല്‍ ഇംഗ്ളണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു രാഹുല്‍. ഈ കമ്പനിയുടെ രേഖകളിലാണ് ബ്രിട്ടീഷ് പൗരനാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്വാമി പരാതിപ്പെട്ടിരിക്കുന്നത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വളരെ വൈകിയാണ് രാഹുലിന്‍റെ നാമനിര്‍ദേശപത്രിക അമേഠിയില്‍ സ്വീകരിച്ചത്.