ന്യൂഡല്‍ഹി: കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. വുഹാനിലുള്ള പാകിസ്ഥാനി വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്.
പാക് പൗരന്മാരെ ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യം ഇന്ത്യ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് വുഹാനില്‍ കുടങ്ങിക്കിടക്കുന്നത്. തങ്ങളെ വുഹാനില്‍നിന്ന് ഒഴിപ്പിക്കണമെന്ന് വിദ്യാര്‍ഥികള്‍ പാകിസ്ഥാനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.