ന്യൂഡല്‍ഹി: ആംആദ്‌മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. 11 എഎപി എംഎല്‍എമാർക്ക് എതിരായ അപേക്ഷയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ തീരുമാനമെന്ന് വോട്ടെടുപ്പ് സമിതി അറിയിച്ചു. മാർച്ച് 2017 ന് വിവേക് ഗാർക്ക് എന്നയാളാണ് രാഷ്ട്രപതിക്ക് മുന്നില്‍ അപേക്ഷ സമർപ്പിച്ചത്. അധികാരത്തിലിരിക്കെ മറ്റ് പദവികളും വഹിച്ച് അനധികൃത ലാഭം നേടിയെന്ന് ആരോപിച്ചാണ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹചെയർപേഴ്‌സണ്‍മാരായി സേവനം അനുഷ്ഠിച്ച് 11 എഎപി എംഎല്‍എമാർ ലാഭമുണ്ടാക്കിയെന്നാണ് ആരോപണം. ഗതാഗതമന്ത്രി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം ഉയർന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോ- ചെയർപേഴ്‌സണ്‍ സ്ഥാനം വഹിച്ചത് കൊണ്ട് എംഎല്‍എമാർക്ക് ശമ്പളം, അലവൻസുകൾ, സിറ്റിംഗ് ഫീസ് എന്നിവ വഴി പ്രതിഫലം ലഭിക്കില്ലെന്നായിരുന്നു ഏപ്രിലില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കിയ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. എംഎല്‍എമാർക്ക് പ്രത്യേക ഓഫീസോ, വാഹനമോ, മൊബൈല്‍ ഫോണുകളോ, ജീവനക്കാരോ ലഭ്യമല്ലെന്നും കമ്മിഷൻ അറിയിച്ചുരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി അപേക്ഷ നിരസിച്ചത്. 70 അംഗ ഡല്‍ഹി നിയമസഭയുടെ കാലാവധി 2020 ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് അവസാനിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ വോട്ടെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് എംഎല്‍എമാർക്ക് ആശ്വാസമായി അപേക്ഷ തള്ളിയത്.