നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയാക്കിയ പരാമര്‍ശത്തില്‍ മാപ്പ് പറയാതെ പ്രഗ്യാ സിങ് താക്കൂര്‍. ബിജെപി പ്രവര്‍ത്തകയെന്ന നിലയില്‍ പാര്‍ട്ടിയുടെ നിലപാടാണ് തന്‍റെയും നിലപാടെന്ന് പ്രഗ്യ വ്യക്തമാക്കി. ഗോഡ്സെയെ പ്രകീര്‍ത്തിച്ച പ്രഗ്യയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രഗ്യായുടെ നിലപാട് പാർട്ടിയുടേതല്ലെന്നും, മാപ്പ് പറയണമെന്നും പാർട്ടി വക്താവ് ജിവിഎൽ നരസിംഹ റാവു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി പ്രഗ്യ രംഗത്തെത്തിയത്. പ്രഗ്യ മാപ്പ് പറയാത്ത സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തിന്‍റെ നിലപാട് ഇക്കാര്യത്തില്‍ നിർണായകമാണ്.
ഗോഡ്സെയെ ഭീകരവാദിയെന്ന് വിളിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തക്കതായ ശിക്ഷ ലഭിക്കുമെന്നുമുള്ള പ്രഗ്യയുടെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്. ഗോഡ്സേ രാജ്യസ്നേഹി ആയിരുന്നെന്നും ഇപ്പോഴും ഇനിയും അങ്ങനെയാണെന്നും പ്രഗ്യ പറഞ്ഞിരുന്നു. രാജ്യത്തെ ആദ്യ തീവ്രവാദി ഗോഡ്സെയാണെന്ന നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പ്രഗ്യയുടെ മറുപടി. പ്രസ്താവനയില്‍ പ്രഗ്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.