ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി ടെലഫോൺ സംഭാഷണം നടത്തി. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്‌എസ്ആർ) ഉൾപ്പെടെയുള്ള പദ്ധതികളുടെ സ്ഥിതി ഇരു നേതാക്കളും അവലോകനം ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയും ജപ്പാനും തുടരുന്ന പങ്കാളിത്തം “തടസ്സമില്ലാതെ” തുടരുമെന്ന് ഇരു നേതാക്കളും പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സായുധ സേവനങ്ങളുടെയും സപ്ലൈകളുടെയും കൈമാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. കരാർ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്‍റെ ആഴം വർദ്ധിപ്പിക്കുമെന്നും ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മുതൽകൂട്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.