മുംബൈ: പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ശിവസേന മുഖപത്രത്തിൽ വിമർശനം. ഇന്ത്യയിലെ കൊവിഡ് വാക്സിൻ പരീക്ഷണങ്ങളെക്കുറിച്ചും രാജ്യത്തിന്‍റെ പ്രതിരോധ ശേഷി, ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷന്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി 90 മിനിറ്റോളം നടത്തിയ പ്രസംഗത്തിൽ സംസാരിച്ചതായും എന്നാൽ "ആത്മനിർഭർ" ഭാരത് പദ്ധതി ചർച്ച ചെയ്യപ്പെടുന്നില്ല എന്നും സാംനയിൽ പറയുന്നു.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കഴിയുമോ? ഇതുവരെ രാജ്യത്ത് 14 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, ബിസിനസുകൾ, തൊഴിൽ എന്നിവ തകർന്നു എന്നും പ്രധാനമന്ത്രി ഇവയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും സാംനയിൽ പറയുന്നു.
നമ്മുടെ രാജ്യത്തിന്‍റെ സൈന്യവും വ്യോമസേനയും രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കാനും ശത്രുക്കളെ അകറ്റിനിർത്താനും സന്നദ്ധമാണ്. എന്നാൽ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും കണക്ക് ദിനംപ്രതി കൂടിവരുന്നുവെന്നും ശിവസേന വിമര്‍ശിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെ വേഗത്തിലാക്കാൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സ്വാതന്ത്ര്യദിനത്തിൽ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ അദ്ദേഹം തമാശ പറയുകയാണെന്ന് എഡിറ്റോറിയലിൽ ശിവസേന വിമര്‍ശനം ഉന്നയിച്ചു.