ഭുവനേശ്വർ: മയൂർഭഞ്ചിൽ ആംബുലൻസ് സ്റ്റാഫിന്‍റെ അനാസ്ഥയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ആംബുലൻസ് ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയും ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരിക്കുകയും ചെയ്തതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു.
വയറിളക്കം ബാധിച്ചതിനെത്തുടർന്ന് അംബജോഡ ഗ്രാമത്തിൽ നിന്നുള്ള നിരഞ്ജൻ ബെഹെറയും ഭാര്യ ഗീതയും ഒരു വയസുള്ള മകനെ ഞായറാഴ്ച ബാരിപാഡ പട്ടണത്തിലെ പിആർഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതോടെ ആശുപത്രി അധികൃതർ തിങ്കളാഴ്ച കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് കുഞ്ഞിനെ റഫർ ചെയ്തു.
ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഡ്രൈവറും ഫാർമസിസ്റ്റും പരിചാരകനും ഇറങ്ങി റോഡരികിലെ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ പോയി. പെട്ടെന്ന് യാത്ര പുനരാരംഭിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇവർ മടങ്ങിയത്. കുഞ്ഞിന്‍റെ അവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും അവർ അവഗണിക്കുകയായിരുന്നുവെന്ന് അമ്മ ഗീത പറയുന്നു.
അതേസമയം, ആരോഗ്യ നില വഷളായതിനെ തുടർന്ന് പാതി വഴിയിലുള്ള കൃഷ്ണചന്ദ്രപുർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടി ഇതിനകം മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ആംബുലൻസ് സ്റ്റാഫിനെ ആക്രമിച്ചു. മരിച്ച കുഞ്ഞിന്‍റെ മാതാപിതാക്കൾ ആംബുലൻസിലെ ഡ്രൈവർ, ഫാർമസിസ്റ്റ്, അറ്റൻഡന്‍റ് എന്നിവർക്കെതിരെ ബെത്‌നോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.
നാട്ടുകാർ ശാരീരികമായി ആക്രമിച്ചുവെന്ന് ആരോപിച്ച് ആംബുലൻസ് ഡ്രൈവർ ബിബിസൻ മൊഹന്തയും പരാതി നൽകി. ഇരുവിഭാഗവും ഉന്നയിച്ച പരാതികളില്‍ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. ആംബുലൻസ് പിടിച്ചെടുത്തിട്ടുണ്ട്.