ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടത്തിലായ പത്ര വ്യവസായത്തെ പുനരുദ്ധരിക്കുന്നതിന് അടയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വകാര്യ മേഖലയില്‍ നിന്നും ലഭിക്കുന്ന പരസ്യങ്ങള്‍ കുറഞ്ഞെന്നും അത് പത്രങ്ങളുടെ നടത്തിപ്പിനേയും വിതരണത്തേയും ബാധിച്ചെന്നും ഐഎന്‍എസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്ര വ്യവസായത്തിന് 4000 മുതല്‍ 4500 കോടി രൂപ വരെയാണ് നഷ്ടമാണുണ്ടായത്. സാഹചര്യം ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ആറ്-ഏഴ് മാസം കൊണ്ട് അത് 12,000 മുതല്‍ 15,000 കോടി രൂപയായി ഉയരാമെന്നും ഐഎന്‍എസ് പറഞ്ഞു.
നേരിട്ടും അല്ലാതെയും പത്രസ്ഥാപനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് 18-20 ലക്ഷത്തോളം ആളുകളാണ്. ജീവനക്കാരുടെ ശമ്പളം, പത്രത്തിന്‍റെ നടത്തിപ്പ് എല്ലാം പ്രതിസന്ധിയിലാണെന്നും ഐഎന്‍എസ് കേന്ദ്രത്തിനയച്ച കത്തില്‍ പറഞ്ഞു. ന്യൂസ് പ്രിന്‍റിന്‍റെ അഞ്ച് ശതമാനം കസ്റ്റംസ് ഡ്യൂട്ടി പിന്‍വലിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് നികുതി അടക്കുന്നതില്‍ നിന്ന് പത്രസ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നും അച്ചടി മാധ്യമങ്ങൾക്കായുള്ള ബജറ്റ് ചെലവിൽ 100 ശതമാനം വർധന വേണമെന്നും സര്‍ക്കാര്‍ പരസ്യങ്ങളുടെ കുടിശിക ഉടന്‍ തീര്‍ക്കണമെന്നും ഐഎന്‍എസ് ആവശ്യപ്പെട്ടു.