ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന മുഹമ്മദ് സാദ് ഖണ്ടാൽവിയുടെ പുതിയ ഓഡിയോ സന്ദേശം പുറത്ത്. അനുയായികൾക്കായുള്ള സന്ദേശത്തിൽ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരം താന്‍ സെല്‍ഫ് ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും മൗലാന സാദ് പറയുന്നു. രാജ്യത്ത് എവിടെയായിരുന്നാലും എല്ലാ ജമാഅത്തും സര്‍ക്കാര്‍ നിർദേശങ്ങള്‍ പാലിക്കാൻ ശ്രദ്ധിക്കണമെന്നും മൗലാന സാദ് തന്‍റെ ഓഡിയോ സന്ദേശത്തിൽ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളോട് അഭ്യര്‍ഥിച്ചു.
അതേ സമയം, തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. മതസമ്മേളനത്തിനുശേഷം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ രാജ്യത്തെ കൊറോണ വൈറസ് ബാധയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറിയിരിക്കുകയാണ്. 6,000 പേരാണ് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
മതപരമായ ഒത്തുചേരൽ നടത്തി ലോക് ഡൗൺ ഉത്തരവുകൾ ലംഘിച്ചതിന് മൗലാന സാദിനും മറ്റുള്ളവർക്കുമെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ടീമിനെ സാദിന്‍റെ മുസാഫർനഗർ വസതിയിലേക്ക് അയച്ചിട്ടുണ്ട്. സാദിനും മറ്റ് ആറ് പേര്‍ക്കുമായി സാക്കിർ നഗർ, നിസാമുദീന്‍ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.