ന്യൂഡൽഹി: ചാവ്‌ലയിലെ ദുർഗാ വിഹാറിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി. സ്വത്ത് തർക്കത്തിന്‍റെ പേരിലാണ് കൊലപാതകം നടത്തിയതെന്നാണ് സൂചനകൾ. മകൻ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഭാര്യ കവിത (35)യെയും ചോദ്യം ചെയ്‌തു വരികയാണ്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥനായ രാജ് സിംഗ് (61), ഭാര്യ ഓംവതി (58) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികളുടെ മരണത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും സ്വത്തിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം.
തൊഴിൽരഹിതനായ സതീഷ് മാതാപിതാക്കളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കുടുംബത്തിൽ സ്വത്തിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. വാക്കേറ്റത്തിനിടയിൽ മകനോ മരുമൾ കവിതയോ ദമ്പതികളെ ആക്രമിച്ചതായിരിക്കാമെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൾ മാതാപിതാക്കളെ കാണാൻ വന്നപ്പോൾ മകനും മരുമകളും ഇവരെ തടഞ്ഞിരുന്നു. സംഭവത്തിൽ സംശയം തോന്നിയ മകൾ പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തുവന്നത്.